കൈവശാവകാശ രേഖകള്‍ക്ക് നിയന്ത്രണം: ഉത്തരവ് പിന്‍വിലക്കണമെന്ന് സി.പി.ഐ
തൊടുപുഴ: കൈവശാവകാശ രേഖകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ദേവികുളം സബ് കലക്ടര്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് ഉടനടി പിന്‍വലിക്കണമെന്ന് സി.പി .ഐ ജില്ലാ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വട്ടവട,കാന്തല്ലൂര്‍,മറയൂര്‍ പഞ്ചായത്തുകളിലാണ് ദേവികുളം സബ് കലക്ടര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭവന നിര്‍മ്മാണം,ബാങ്ക് വായ്പ,വൈദ്യുത കണക്ഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം കൈവശാവകാശ രേഖ ആവശ്യമാണ്. സബ് കലക്ടറുടെ ഈ വിചിത്രമായ ഉത്തരവ് നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള പട്ടയ ഭൂമിയില്‍ താമസിക്കുന്ന ആയിരക്കണക്കിന് കൃഷിക്കാരുടെ ജീവിതം തകര്‍ക്കുന്ന നടപടിയാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കാറായിരിക്കെ ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉദ്യോഗസ്ഥന്മാരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
ആദിവാസികളുടെയും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ട ജനങ്ങളുടെയും മേലുള്ള ക്രൂരമായ കടന്നാക്രമണമായിട്ടെ ഈ ഉത്തരവിനെ കാണാന്‍ കഴിയൂ. അടിയന്തരമായി ഈ ഉത്തരവ് പിന്‍വിലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തൊടുപുഴയില്‍ ചേര്‍ന്ന യോഗത്തില്‍ എസ് .ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷനായി. സി പി ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി .പ്രസാദ്, സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമന്‍,സി .പി. ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി. മുത്തുപാണ്ടി, സി. എ. ഏലിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."