കടത്തില്‍ മുങ്ങി സര്‍ക്കാര്‍: ഈ സാമ്പത്തികവര്‍ഷം കടമെടുത്തത് 29,083.54 കോടി
തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാരിനുമേല്‍ കടക്കെണിയും. ഈ സാമ്പത്തിക വര്‍ഷം മാത്രം 29,083.54 കോടി രൂപയാണ് കടമെടുത്തത്. നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കടപ്പത്രങ്ങള്‍ മുഖേന 30,500 കോടി രൂപ കടമെടുത്തു. വായ്പയെടുത്ത മുഴുവന്‍ തുകയും സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ വകയിരുത്തിയാണ് ചെലവുകള്‍ക്കായി വിനിയോഗിക്കുന്നത്. വായ്പയെടുക്കുന്ന തുകയില്‍ നോണ്‍ പ്ലാന്‍ റവന്യൂ അക്കൗണ്ടിലുള്ള കമ്മി നികത്തിയതിനുശേഷം ബാക്കിയുള്ളത് പദ്ധതി ചെലവുകള്‍ക്കായാണ് വിനിയോഗിക്കുന്നത്.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഉള്‍പ്പെടെ 2016-17 സാമ്പത്തിക വര്‍ഷം 22,813.25 കോടി രൂപയും ഈ നവംബര്‍ 30 വരെ 10,728.06 കോടിയും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു. അക്കൗണ്ടന്റ് ജനറലിന്റെ താല്‍ക്കാലിക കണക്കുപ്രകാരം ഈ നവംബര്‍ 30 വരെ സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം 28409.12 കോടി രൂപയാണ്.
നികുതി വരുമാനത്തില്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.26 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. ഈ കാലയളവില്‍ സ്റ്റാമ്പ്, രജിസ്‌ട്രേഷന്‍ നികുതി 8.48 ശതമാനവും മോട്ടോര്‍ വാഹന നികുതി 4.94ഉം വില്‍പന നികുതി 3.65 ശതമാനവും വര്‍ധിച്ചു. കേന്ദ്ര നികുതി വിഹിതമടക്കമുള്ള മൊത്ത നികുതി വരുമാനം 9.68 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. ജി.എസ്.ടിയുടെ കോമ്പന്‍സേഷനായി 1,205 കോടി രൂപ ലഭിച്ചിരുന്നു. അക്കൗണ്ടന്റ് ജനറലിന്റെ കണക്കുപ്രകാരം പദ്ധതി ചെലവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20.35 ശതമാനവും പദ്ധതിയേതര ചെലവില്‍ 22.16 ശതമാനവും വളര്‍ച്ച നേടാന്‍ കഴിഞ്ഞതായും ധന മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."