കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വിമര്‍ശിച്ച് കെ.എം മാണിയുടെ ലേഖനം
കോട്ടയം: കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരേ കടുത്ത വിമര്‍ശനമുന്നയിച്ച് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. പാര്‍ട്ടി മുഖപത്രമായ 'പ്രതിച്ഛായ'യുടെ പുതിയ ലക്കത്തിലെ ലേഖനത്തിലാണ് കടുത്ത വിമര്‍ശനമുള്ളത്. സി.പി.എമ്മിനെയും പിണറായി സര്‍ക്കാരിനെയും ലേഖനം വിമര്‍ശിക്കുന്നില്ല.
കേരളാ കോണ്‍ഗ്രസിനെ തങ്ങളുടെ മുന്നണിയിലെത്തിക്കാന്‍ സി.പി.എമ്മും കോണ്‍ഗ്രസും ശ്രമങ്ങള്‍ ശക്തമാക്കുന്നതിനിടെ മാണിയുടെ ലേഖനത്തിന് ഏറെ പ്രസക്തിയുണ്ട് . കസ്തൂരിരംഗന്‍, മാധവ് ഗാഡ്ഗില്‍ വിഷയങ്ങളില്‍ കര്‍ഷകവിരുദ്ധ നിലപാടുകളാണ് കേരളത്തിലെ കോണ്‍ഗ്രസും കേന്ദ്രത്തിലെ മുന്‍ യു.പി.എ സര്‍ക്കാരും സ്വീകരിച്ചതെന്ന് മാണി വിമര്‍ശിക്കുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഷ്‌കരിക്കാനാണ് കസ്തൂരിരംഗനെ നിയമിച്ചത്. എന്നാല്‍, ഗാഡ്ഗിലിനേക്കാള്‍ കര്‍ഷകവിരുദ്ധമായിരുന്നു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. ഇതിന് പരിഹാരം കാണുന്നതിനാണ് താന്‍ ധനമന്ത്രിയായിരുന്നപ്പോള്‍ കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ജനവാസകേന്ദ്രങ്ങളെയും ഒഴിവാക്കി ഉമ്മന്‍ വി. ഉമ്മന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ കരട് പ്രസിദ്ധീകരിച്ചെങ്കിലും അന്തിമ റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് നടപ്പാക്കുകയും കുടിയേറ്റ കര്‍ഷകരെ സംരക്ഷിക്കുകയും ചെയ്യണമെന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ നിലപാട്. യു.പി.എ സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാട് തന്നെ ഏറെ വിഷമത്തിലാക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യചെയ്തത് യു.പി.എ ഭരണകാലത്താണ്. കര്‍ഷകര്‍ക്ക് ഒരു സഹായം ചെയ്യാന്‍ യു.പി.എ തയാറായില്ല. കര്‍ഷക ആത്മഹത്യയും നിസ്സഹായാവസ്ഥയും എന്‍.ഡി.എ ഭരണത്തിലും തുടരുന്നു. പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും നിരവധി ചര്‍ച്ചകള്‍ നടത്തിയാണ് അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കണമെന്ന ഉത്തരവ് നേടിയെടുത്തത്. എന്നാല്‍, പട്ടയം നിയമാനുസൃതമല്ലെന്ന് സ്ഥാപിക്കാനും ഹൈക്കോടതിയില്‍ ചോദ്യംചെയ്യാനും ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നത് ദുഃഖത്തിലാഴ്ത്തി. മലയോര കര്‍ഷകര്‍ക്കിടയില്‍ കേരളാ കോണ്‍ഗ്രസിനുള്ള സ്വാധീനമാവാം കോണ്‍ഗ്രസ് നേതാക്കളെ ഈ കുത്സിതനീക്കത്തിന് പ്രേരിപ്പിച്ചത്. 1974ല്‍ പേമാരിയും ഉരുള്‍പൊട്ടലുംമൂലം ഹൈറേഞ്ചിലെ കര്‍ഷകര്‍ ദുരിതത്തിലായപ്പോള്‍, അവരുടെ സംരക്ഷണത്തിന് ഓടിയെത്താതിരുന്ന സര്‍ക്കാരിനെതിരേ കേരളാ കോണ്‍ഗ്രസ് എ.കെ.ജിയോടൊപ്പം നിരാഹാരസമരത്തില്‍ പങ്കെടുത്തതിനെയും മാണി ലേഖനത്തില്‍ അനുസ്മരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൃഷി ഉടമകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല. അവര്‍ തൊഴിലാളികളുടെ പക്ഷം പിടിച്ചു, അതാണ് കമ്മ്യൂണിസ്റ്റ് സിദ്ധാന്തം. ബി.ജെ.പി കര്‍ഷകസൗഹൃദ പാര്‍ട്ടിയല്ലെന്നും മാണി വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."