ബിനോയ് ദുബൈയിലുണ്ട്, അറബി കേരളത്തിലെത്തി ബുദ്ധിമുട്ടേണ്ട: കോടിയേരി
തൃശൂര്‍: ബിനോയിക്കെതിരേ പരാതി നല്‍കിയ യു.എ.ഇ പൗരന്‍ മര്‍സൂഖി കേരളത്തില്‍ വന്ന് ബുദ്ധിമുട്ടേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മര്‍സൂഖിയും മകന്‍ ബിനോയിയും ദുബൈയില്‍ തന്നെയുള്ളപ്പോള്‍ നിയമനടപടികള്‍ അവിടെതന്നെ സ്വീകരിക്കാവുന്നതാണ്. തട്ടിപ്പ് നടന്നത് ദുബൈയിലാണെന്നാണ് പറയുന്നത്. പിന്നെന്തിനാണ് മര്‍സൂഖി കേരളത്തിലേക്ക് വരുന്നത്. കേസിന് അവിടെത്തന്നെ തീര്‍പ്പുണ്ടാക്കിയാല്‍ പോരേ. കേരളത്തിനേക്കാള്‍ കേസ് തീര്‍പ്പാക്കാന്‍ പറ്റിയ സ്ഥലം ദുബൈ ആണ്. താന്‍ ഒരു ബിസിനസും നടത്തിയിട്ടില്ല. മകന്റെ ബിസിനസില്‍ ഇടപെട്ടിട്ടുമില്ല. ബിനോയ്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് അയാള്‍ മറുപടി നല്‍കിയിട്ടുണ്ട്. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വിശദീകരണം തരാന്‍ മടിയില്ല. എന്നാല്‍, അതിന് പാര്‍ട്ടി വേദി ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് രീതി. വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ കൂടുതലൊന്നും ഈ വിഷയത്തില്‍ പറയാനില്ല. ചൈനയെ സോഷ്യലിസ്റ്റ് ലക്ഷ്യത്തോടെ മുന്നോട്ടുപോകുന്ന രാജ്യമായാണ് സി.പി.എം നോക്കിക്കാണുന്നത്. അതിന്റെപേരില്‍ സി.പി.എമ്മിനെ രാജ്യദ്രോഹികളായി മുദ്രകുത്താന്‍ ശ്രമിച്ചാല്‍ നടക്കില്ല. എ.കെ ശശീന്ദ്രനെ മന്ത്രിയാക്കാനാണ് എന്‍.സി.പി തീരുമാനിച്ചിട്ടുള്ളത്.
സി.പി.എം സംസ്ഥാന സമ്മേളനം വന്‍വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങളുമായി സംഘാടകസമിതി മുന്നോട്ടുപോകുകയാണ്. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കയ്യൂരില്‍ നിന്നും കൊടിമരം വയലാറില്‍ നിന്നും ദീപശിഖ സംസ്ഥാനത്തെ 577 രക്തസാക്ഷികളുടെ സ്മൃതി കുടീരങ്ങളില്‍ നിന്നും 21 ന് വൈകിട്ട് സമ്മേളന നഗരിയിലെത്തിക്കും. 577 രക്തസാക്ഷികളുടെ ചിത്രങ്ങളും സമ്മേളനവേദിയില്‍ സ്ഥാപിക്കുമെന്നും കോടിയേരി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ബേബി ജോണ്‍, മന്ത്രി എ.സി മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."