അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം വിളിക്കാമെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം വിളിക്കാമെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി. ഇന്നലെ ചേര്‍ന്ന വൈദികസമിതി യോഗത്തില്‍ ഒരുവിഭാഗം വൈദികര്‍ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് പ്രത്യേക യോഗം വിളിക്കാമെന്ന് കര്‍ദിനാള്‍ അറിയിച്ചത്. ഇതിനായി ഉടന്‍ വൈദിക സമിതി വിളിച്ചുചേര്‍ക്കുമെന്നും ഇതിനുശേഷമേ അതിരൂപതയില്‍ പൂതുതായി രൂപീകരിച്ച പാസ്റ്റര്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുകയുള്ളുവെന്നും ആലഞ്ചേരി അറിയിച്ചു. ഇതേത്തുടര്‍ന്ന് 10ന് നടത്താനിച്ചിരുന്ന പാസ്റ്റര്‍ കൗണ്‍സില്‍ യോഗം മാറ്റിവച്ചു.
എന്നാല്‍, വൈദിക സമിതി യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ജോര്‍ജ് ആലഞ്ചേരി തയാറായിട്ടില്ലെന്ന് ഒരുവിഭാഗം വൈദികര്‍ പറഞ്ഞു. ഭൂമിയിടപാടില്‍ ഇടഞ്ഞുനില്‍ക്കുന്ന വൈദികരെ അനുനയിപ്പിക്കാനാണ് കര്‍ദിനാള്‍ ഇന്നലെ യോഗം വിളിച്ചത്. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഭൂമി വില്‍പ്പനയില്‍ കര്‍ദിനാളിനടക്കം പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായാണ് വിവരം.
ഭൂമിയിടപാടിന്റെ രേഖകള്‍ പള്ളികളില്‍ സര്‍ക്കുലറായി വായിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ഇക്കാര്യം കര്‍ദിനാള്‍ സമ്മതിച്ചിട്ടുണ്ട്. കര്‍ദിനാളും സഹായ മെത്രാന്‍മാരുംചേര്‍ന്ന് തയാറാക്കുന്ന സര്‍ക്കുലര്‍ വരുന്ന ഞായറാഴ്ച പള്ളികളില്‍ വായിക്കുമെന്നും ആലഞ്ചേരി അറിയിച്ചു. ഭൂമിയിടപാടിലുണ്ടായ പിഴവുകള്‍ പുറത്തുകൊണ്ടുവന്ന വൈദികര്‍ക്കെതിരേ നടപടിയുണ്ടാവില്ലെന്നത് സര്‍ക്കുലറില്‍ ചേര്‍ക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
സഭയുടെ ഭൂമിയിടപാട് സംബന്ധിച്ച പരാതി കോടതിയുടെ പരിഗണനയിലുണ്ട്. തര്‍ക്കത്തില്‍ സാക്ഷികളായ എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ഫാ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. അഗസ്റ്റിന്‍ വട്ടോളി എന്നിവര്‍ക്ക് കോടതി കഴിഞ്ഞ ദിവസം നോട്ടിസ് നല്‍കിയിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാകണമെന്നാണ് നോട്ടിസിലുള്ളത്. ആലഞ്ചേരി, പൊക്യുറേറ്റര്‍ ഫാ.ജോഷി പുതുവ, വികാരി ജനറല്‍ മോണ്‍.സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ പ്രസിഡന്റായ അഡ്വ. പോളച്ചന്‍ പുതുപ്പാറ എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."