മുഖ്യമന്ത്രിയുടെ മുല്ലപ്പെരിയാര്‍ നയം: ഇടുക്കിയില്‍ വ്യാപക പ്രതിഷേധം
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്ന വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ ഇടുക്കിയില്‍ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുല്ലപ്പെരിയാര്‍ തീരവാസികളുടെ കരളില്‍ കൂരമ്പുകളായാണ് തറച്ചത്. ലക്ഷക്കണക്കിനു മനുഷ്യജീവന് ഭീഷണിനിലനില്‍ക്കെ ഭരണകൂടം കാര്യങ്ങളെ ലഘുകരിച്ച് കാണുകയാണെന്നാണ് ആക്ഷേപം.
കേവലം 50 വര്‍ഷം മാത്രം ആയുസ് നിശ്ചയിച്ച് നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാം അതിന്റെ ഇരട്ടിയും കഴിഞ്ഞ് ഏത് സമയവും മനുഷ്യനെ വിഴുങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു. ഒരു നൂറ്റാണ്ട് മുമ്പുള്ള സാങ്കേതിക വിദ്യകൊണ്ട് തീര്‍ത്ത ചുണ്ണാമ്പ് ഭിത്തിക്ക് പകരം ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പുതിയ ഡാം നിര്‍മ്മിച്ച് ലക്ഷക്കണക്കായ മനുഷ്യരുടെ ജീവന്‍ സംരക്ഷിക്കാന്‍ ലാഭനഷ്ട ചിന്തവെടിഞ്ഞ് ഒരുമേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്യേണ്ട വേളയിലാണ് വീണ്ടും വിവാദമുയരുന്നത്. പുതിയ നിലപാട് കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രിയുടെ മലക്കംമറിച്ചിലിനെക്കുറിച്ച് വി.എസ്. അച്യുതാനന്ദന്‍ അഭിപ്രായം പറയണമെന്നും കോണ്‍ഗ്രസ് നേതാവ് അഡ്വ. സിറിയക് തോമസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയത്തിനെതിരെ നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തില്‍ ഒപ്പിട്ട സി.പി.എമ്മിന്റെ പുതിയ അടവ് നയം എന്തിനാണെന്ന് ജനങ്ങള്‍ക്കറിയാന്‍ ആഗ്രഹമുണ്ട്. പീരുമേടിന്റെ ജനപ്രതിനിധിയായ ഇ.എസ്. ബിജിമോളുടെ വിശദീകരണം എന്താണെന്നറിയാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. മുല്ലപ്പെരിയാറിന്റെ താഴ്‌വരയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നത് സംബന്ധിച്ച് ഇടതുമുന്നണിയുടെ നയം വ്യക്തമാക്കണം.
മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ജൂണ്‍ മൂന്നിന് വണ്ടിപ്പെരിയാര്‍ ജംഗ്ഷനില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ സംഘടിപ്പിക്കും.
രാവിലെ 9 മണിക്ക് എന്‍. കെ. പ്രേമചന്ദ്രന്‍ എം പി ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7ന് നടക്കുന്ന സമാപന സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പിണറായി വിജയന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഉപ്പുതയില്‍ പെരുമഴയിലും പ്രകടനം സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."