പഠനച്ചെലവ് ഡിവൈന്‍ പ്രൊവിഡന്‍സ് ഏറ്റെടുത്തു; 48 ബംഗാളി കുട്ടികള്‍ പഠനമുറിയിലേക്ക്
കാക്കനാട്: ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താനൊരുങ്ങുകയാണ് തുതിയൂര്‍ ഡിവൈന്‍ പ്രൊവിഡന്‍സ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് അടുത്തുള്ള ബംഗാളി കുട്ടികളുടെ പഠനച്ചെലവാണ് ഡിവൈന്‍ പ്രൊവിഡന്‍സ് ഏറ്റെടുക്കുന്നത്.
ബ്രഹ്മപുരം മാലിന്യം പ്ലാന്റിലും പരിസരത്തും ജോലിക്കെത്തിയവരുടെ കുരുന്നുകള്‍ പഠനം പോലും നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്. ഇവിടങ്ങളില്‍ ജോലിക്കായെത്തിയവരുടെ 48 ഓളം കുട്ടികള്‍ക്കാണ് പഠനത്തിന് സൗകര്യമൊരുക്കുന്നതെന്ന് ഡിവൈന്‍ പ്രൊവിഡന്‍സ് ഡയറക്ടര്‍ ഫാ. ഫിലിപ്പ് തൈപ്പറമ്പില്‍ പറഞ്ഞു. മൂന്നു മുതല്‍ പത്തു വയസു വരെയുള്ള കുട്ടികളാണ് ഇവരില്‍ ഉള്ളത്. വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം ഹിന്ദി ഭാഷാ പഠനത്തിനും അവസരം നല്‍കുന്നുണ്ട്. തുതിയൂരിലെ ഒരു സ്‌കൂളില്‍ ചേര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവരെ സ്‌കൂളില്‍ കൊണ്ടുവരാനും തിരികെ കൊണ്ടുപോകുവാനും വണ്ടി സൗകര്യം ഏര്‍പ്പെടുത്തുമെന്നും ഫാ ഫിലിപ്പ് വ്യക്തമാക്കി.
ശനിയാഴ്ച ബ്രഹ്മപുരത്ത് എത്തിയ ഫാദര്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസത്തിനുള്ള സമ്മതപത്രവും രക്ഷിതാക്കളില്‍ നിന്നും വാങ്ങി. ഡിവൈന്‍ പ്രൊവിഡന്‍സിന് പൂര്‍ണ പിന്തുണ നല്‍കി തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.കെ നീനു, വൈസ്. ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."