ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിക്കാന്‍ കര്‍ണാടകയില്‍ ബി.ജെ.പിയുടെ രഹസ്യനീക്കം: കോണ്‍ഗ്രസ്
ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രചാരണം ശക്തമായ കര്‍ണാടകയില്‍ ന്യൂനപക്ഷ വോട്ടിനെ ചൊല്ലി വിവാദം.
എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദീന്‍ ഉവൈസിയും കര്‍ണാടകയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നുവെന്ന പ്രഖ്യാപനം വന്നതോടെ പരമ്പരാഗതമായി ന്യൂനപക്ഷ വോട്ടുകള്‍ നേടിയിരുന്ന കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്.
ന്യൂനപക്ഷ വോട്ടുകള്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. അടുത്ത കാലത്തായി ന്യൂനപക്ഷ-ദലിത് മേഖലകളില്‍ ബി.ജെ.പി നടത്തുന്ന അക്രമങ്ങളും കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയെപോലുള്ളവരുടെ പ്രകോപനപരമായ പ്രസംഗങ്ങളും ഭീതിദമായ അവസ്ഥയാണ് ഉണ്ടാക്കിയിട്ടുള്ളത്. ബി.ജെ.പിക്കെതിരേ ശക്തമായ നിലപാടെടുത്തുവരുന്നതിനിടയിലാണ് കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കി ഉവൈസി രംഗത്തെത്തിയത്.
ന്യൂനപക്ഷ വോട്ടുകള്‍ തട്ടുന്നതിനായി ഉവൈസിയുമായി ബി.ജെ.പി രഹസ്യകരാറുണ്ടാക്കിയിട്ടുണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിട്ടുണ്ട്. മുസ്‌ലിം ഭൂരിപക്ഷമുള്ള 50 സീറ്റുകളിലെങ്കിലും ഉവൈസിയുടെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ഉവൈസിയുമായി ബി.ജെ.പി നേതാക്കള്‍ രഹസ്യകൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് വിവരമെന്നും സിദ്ധരാമയ്യ അറിയിച്ചു.
ന്യൂനപക്ഷ സംരക്ഷണം എന്നുപറഞ്ഞാണ് ഉവൈസി കര്‍ണാടകയില്‍ എത്തിയതെങ്കിലും യഥാര്‍ഥത്തില്‍ അദ്ദേഹം ബി.ജെ.പിയുടെ ഏജന്റായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും അദ്ദേഹം ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇവിടെയും അദ്ദേഹം ബി.ജെ.പിയെ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഉവൈസിയും ബി.ജെ.പിയും വോട്ട് രാഷ്ട്രീയം മാത്രമാണ് നോക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു.
കര്‍ണാടകയില്‍ നിരാശരായ ബി.ജെ.പി, തന്ത്രപരമായി കോണ്‍ഗ്രസിന് ലഭിക്കുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനാണ് ഉവൈസിയുമായി കൈകോര്‍ക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ആര്‍. രാമലിംഗ റെഡ്ഡി ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐയുമായും ബി.ജെ.പി ചര്‍ച്ച നടത്തിയിട്ടുണ്ട്. മുസ്്‌ലിം വോട്ടുകള്‍ ഭിന്നിപ്പിച്ച് അധികാരത്തിലേറാനുള്ള കുറുക്കുവഴിയാണ് ബി.ജെ.പി തേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."