ബാബരി മസ്ജിദ് തകര്‍ത്തതില്‍ പശ്ചാത്താപമെന്ന് കല്യാണ്‍ സിങ്
ജയ്പൂര്‍: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ പശ്ചാത്താപവുമായി ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിങ്.
1992 ഡിസംബര്‍ ആറിന് അദ്ദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കെയാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഇപ്പോള്‍ അന്നത്തെ സംഭവത്തില്‍ ദുഃഖമുണ്ടെന്ന് പറഞ്ഞ അദ്ദേഹം മതഗ്രന്ഥങ്ങള്‍ വായിച്ച് ഓരോ മതത്തേയും അടുത്തറിയാനാണ് താന്‍ ശ്രമിക്കുന്നതെന്നും വ്യക്തമാക്കി.
അസഹിഷ്ണുത വച്ചുപുലര്‍ത്തിയാല്‍ അത് രാജ്യപുരോഗതിയെ ഇല്ലാതാക്കും.
എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നത് സഹിഷ്ണുതയെക്കുറിച്ചാണെന്ന് മതഗ്രന്ഥങ്ങളിലൂടെ താന്‍ മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഋഗ്വേദം, ഖുര്‍ആന്‍, ബൈബിള്‍, സത്യാര്‍ഥ പ്രകാശ്, ഗുരുഗ്രന്ഥ സാഹിബ്, ഭഗവദ് ഗീത, മഹാഭാരതം തുടങ്ങിയവയൊന്നും വെറുപ്പിനെക്കുറിച്ച് പറയുന്നില്ല. എല്ലാം പറയുന്നത് നന്മയെക്കുറിച്ചാണ്.
സാമൂഹിക നീതിക്കും സാമ്പത്തിക ജനാധിപത്യത്തിനും സഹിഷ്ണുത അത്യാവശ്യമാണ്. തന്റെ ചിന്ത ഒരു പക്ഷെ യുവാക്കളുടെതുമായി യോജിക്കാനിടയില്ല. എന്നിരുന്നാലും അവരുടെ ചിന്തയെയും താന്‍ മാനിക്കുന്നുണ്ട്.
പദ്മാവത് ചിത്രത്തെ രാജസ്ഥാനില്‍ നിരോധിച്ചതുമായി ബന്ധപ്പെട്ടും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.
വ്യത്യസ്ത ചിന്തകള്‍ രാജ്യത്ത് ഉയരുന്നതിനെ എതിര്‍ക്കാനാകില്ല. അത്തരം ചിന്തകളെ സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്.
ഓരോരുത്തരുടെയും അഭിപ്രായം അവരുടേത് മാത്രമാണ്. അതിനെ തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും കല്യാണ്‍ സിങ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."