കൊലപാതകങ്ങളുടെ നാടായി ഹരിപ്പാട്
ഹരിപ്പാട്: പത്തു ദിവസങ്ങള്‍ക്കിടയില്‍ രണ്ടു കൊലപാതകങ്ങള്‍ നടന്നതിന്റെ ഭീതിയിലാണ് കരുവാറ്റ ഗ്രാമം.കര്‍ഷകരും കര്‍ഷക തൊഴിലാളികളും അടങ്ങിയ നിഷ്‌ക്കളങ്കരായ ജനങ്ങള്‍ തങ്ങളുടെ അയല്‍വാസികളായ കുടുംബത്തിന്റെ അത്താണികളായ രണ്ടു ചെറുപ്പക്കാരുടെ ദാരുണാന്ത്യം വിശ്വസിക്കുവാന്‍ പറ്റാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ്.കരുവാറ്റ കന്നുകാലി പാലത്തിന് വടക്ക് തുണ്ടു കളത്തില്‍ ഉത്തമന്റെ മകന്‍ ഉല്ലാസ് (28) ജനുവരി 24 ന് വൈകിട്ട് തൈവീട് ജംഗ്ഷന് സമീപം വച്ച് അക്രമിയുടെ കുത്തേറ്റ് പിടഞ്ഞു വീഴുകയായിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരിക്കെ ജനുവരി മുപ്പത്തി ഒന്നിനാണ് മരിച്ചത്.
തനിക്ക് ജനിച്ച ഇരട്ടക്കുട്ടികളുടെ പേരിടീല്‍ ചടങ്ങ് നടത്തി അധികം താമസിയാതെയാണ് തന്റെ പ്രിയ ഭാര്യയേയും കുഞ്ഞുങ്ങളേയും അനാഥമാക്കിക്കൊണ്ട് ക്വട്ടേഷന്‍ അംഗത്തിന്റെ കത്തിക്കിരയായത്. ഉല്ലാസിനെ കുത്തിയത് താനാണെന്ന് സമ്മതിച്ച് കുത്തിയ ദിവസം തന്നെ പൊത്തപ്പള്ളി വടക്ക് ആജ്ഞനേയം വീട്ടില്‍ സന്ദീപ് (20) പോലീസില്‍ കീഴടങ്ങിയിരുന്നു.ഇയാള്‍ റിമാന്റിലാണ്.ഈ കേസ്സുള്‍പ്പടെ നിരവധി കേസ്സുകളിലെ പ്രതിയാണിയാള്‍. ഇപ്പോഴിതാ കരുവാറ്റ വടക്ക് വിഷ്ണുഭവനത്തില്‍ പരേതനായ ഗോപാലകൃഷ്ണന്റെ മകന്‍ ജിഷ്ണു (21) കൊലക്കത്തിയ്ക്കിരയായിരിയ്ക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയാണ് ഈ രണ്ടു കൊലപാതകങ്ങളുടെ പിന്നിലെന്ന് പച്ചയായ പരമാര്‍ത്ഥമാണ്.
കാവടിയാട്ടത്തില്‍ പങ്കെടുത്ത ശേഷം തന്റെ ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ജിഷ്ണുവിനേയും കൂടെയുണ്ടായിരുന്ന സൂരജിനേയും ഓടിച്ചിട്ട് വെട്ടിനുറുക്കിയത്.മുഖം മൂടി സംഘത്തെകണ്ട് ഭയന്നോടിയ ജിഷ്ണുവും സൂരജും ഓടിക്കയറിയത് തൊട്ടടുത്ത് താമസിക്കുന്ന സൈനികന്റെ വീട്ടിലേക്കാണ്. പ്രാണരക്ഷാര്‍ത്ഥം വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ക്കയറി ഒളിച്ച ജിഷ്ണുവിനേയും സൂരജിനേയും ആക്രമിസംഘം വേലിക്കല്ലുകൊണ്ട് വാതിലിടിച്ചു തകര്‍ത്തതിനു ശേഷമാണ് വലിച്ചിറക്കി വെട്ടിനുറുക്കിയത്. മഴു പോലുള്ള ആയുധം കൊണ്ടാണ് ജിഷ്ണുവിനെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു. മുറിയില്‍ രക്തം തളം കെട്ടിക്കിടന്നിരുന്നു. വെട്ടേറ്റ് മുകളിലെ മുറിയില്‍ നിന്ന് താഴേക്ക് ഓടിക്കയറിയിടത്തെല്ലാം രക്തം ചിതറി തെറിച്ചിടുണ്ട്. ഇടതുകാലും കൈയ്യും വെട്ടേറ്റ് തൂങ്ങിയിരുന്നു. വലത് തോളിലെ മുറിവിന് 25 സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നു.
ശരീരമാസകലം വെട്ടേറ്റ പാടുകളായിരുന്നു. ഇതില്‍ 24 എണ്ണം ആഴമുള്ളതായിരുന്നു. വെട്ടേറ്റ് സൂരജിന്റെ വയര്‍ പിളര്‍ന്നിരുന്നു.ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.അപകടനില തരണം ചെയ്തിട്ടില്ല. കൊല്ലണമെന്ന് നിശ്ചയിച്ച് നടത്തിയ ആക്രമണമാണിത്. ചിതറി തെറിച്ച രക്തം കണ്ട് ഭയന്നു വിറച്ചിരിയ്ക്കുകയാണ് സംഭവം നടന്ന വീട്ടുകാരും പ്രദേശവാസികളും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."