മനോവൈകല്യമുള്ള സ്ത്രീക്ക് അയല്‍വാസികളുടെ ക്രൂരമര്‍ദനം
കൊച്ചി: മനോവൈകല്യമുള്ള സ്ത്രീയെ മകളുടെ കണ്‍മുന്നില്‍ അയല്‍വാസികളായ സ്ത്രീകള്‍ അതിക്രൂരമായി മര്‍ദിച്ചു. തിങ്കളാഴ്ച നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തു വന്നത്.
വൈപ്പിന്‍ പള്ളിപ്പുറം കാവിലങ്കഴി ആന്റണിയുടെ ഭാര്യ സിന്റ(46)യ്ക്കാണ് ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. സംഭവത്തില്‍ ഇവരുടെ അയല്‍ വാസികളായ മൂന്നു സ്ത്രീകളെ പൊലിസ് അറസ്റ്റ് ചെയ്തു.
സിന്റയുടെ വീടിനടുത്തുള്ള ചായക്കടയിലാണ് സംഭവം അരങ്ങേറിയത്. സിന്റ അയല്‍ക്കാരെ അസഭ്യം പറയുന്നുവെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ ക്രൂരത. ചായക്കടക്കുള്ളില്‍ വച്ച് മര്‍ദിച്ച ശേഷം പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടു വന്നും മര്‍ദിച്ചു. തുടര്‍ന്ന് ചട്ടുകം പഴുപ്പിച്ച് കാല്‍പാദം പൊള്ളിക്കുകയും ചെയ്തു. സമീപത്തുള്ള തോട്ടിലേക്കു ചാടിയാണ് സിന്റ രക്ഷപ്പെട്ടത്. അമ്മയെ മര്‍ദിക്കുന്നതു കണ്ടു രക്ഷപ്പെടുത്താനെത്തിയ ഇളയ മകള്‍ക്കും മര്‍ദനമേറ്റു. സംഭവത്തില്‍ കേസെടുത്ത മുനമ്പം പൊലിസ് പള്ളിപ്പുറം കൈപ്പശേരില്‍ ലിജി (44), അച്ചാരുപറമ്പില്‍ മോളി (44), പാറേക്കാട്ടില്‍ ടിന (34) എന്നിവരെ അറസ്റ്റ് ചെയ്തു. കേസില്‍ വേറെയും പ്രതികളുണ്ടെന്നും അന്വേഷണം നടക്കുന്നതായും റൂറല്‍ എസ്.പി എ.വി ജോര്‍ജ് പറഞ്ഞു.
അതേസമയം സംഭവത്തിനു ശേഷം സിന്റയെ കാണാതായതിനാല്‍ പൊലിസിനു മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സിന്റയുടെ ഭര്‍ത്താവ് ആന്റണിയാണ് പരാതിയുമായി മുനമ്പം പൊലിസ് സ്റ്റേഷനിലെത്തിയത്. തിങ്കളാഴ്ച സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ സിന്റ ചികിത്സ തേടിയിരുന്നതായി പറയുന്നു. എന്നാല്‍ പിന്നീട് ആരും ഇവരെ കണ്ടിട്ടില്ല. സിന്റയെ തേടി പൊലിസ് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. അതിനിടെ ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയി ചികത്സിപ്പിക്കണമെന്നാവശ്യപ്പെട്ടും നാട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."