ഭക്ഷ്യഭദ്രതാ നിയമം: സപ്ലൈകോയില്‍ 318 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു
മലപ്പുറം: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ 318 തസ്തികകള്‍ സൃഷ്ടിച്ചു. വേണ്ടത്ര ജീവനക്കാരില്ലാത്തത് സംസ്ഥാനത്തെ ഭക്ഷ്യവിതരണത്തെ ബാധിച്ച പശ്ചാത്തലത്തിലാണ് സപ്ലൈകോയില്‍ 318 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിറക്കിയത്.
2013 ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമ പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് ശേഖരിച്ച് റേഷന്‍ കടകളില്‍ വിതരണം ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. ഇതിന്റെ ഭാഗമായി സപ്ലൈകോയെ സര്‍ക്കാറിന്റെ അംഗീകൃത ഏജന്‍സിയായി നിയമിച്ചിരുന്നു.
ഇതുപ്രകാരം 2017 ഏപ്രില്‍ മുതല്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഗോഡൗണുകളില്‍ നിന്നുള്ള ഭക്ഷ്യധാന്യ സംഭരണം മുതല്‍ റേഷന്‍കട വരെയുള്ള ധാന്യനീക്കങ്ങള്‍ നിയന്ത്രിക്കുന്നത് സപ്ലൈകോയാണ്.
ഘട്ടം ഘട്ടമായാണ് സപ്ലൈകോ ഇത് ഏറ്റെടുത്തത്. പുതിയ സംവിധാന പ്രകാരം ഇ-പേസ് മെഷീന്‍ ഉപയോഗിച്ചുള്ള റേഷന്‍ ഡിപ്പോകളുടെ പ്രവര്‍ത്തനം, മേല്‍നോട്ടം, കണക്ക് സൂക്ഷിപ്പ്് തുടങ്ങിയ കാര്യങ്ങളും സപ്ലൈകോ തന്നെയാണ് ചെയ്തുവരുന്നത്.
നേരത്തെ സംസ്ഥാനത്തെ 330 സ്വകാര്യ മൊത്ത വിതരണക്കാര്‍ അവരുടെ ഗോഡൗണുകള്‍, ജീവനക്കാര്‍ എന്നിവരെ ഉപയോഗിച്ച് കൈകാര്യം ചെയ്തിരുന്ന റേഷന്‍ വിതരണം വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
സപ്ലൈകോയിലെയും സംസ്ഥാന പൊതുവിതരണ വകുപ്പിലെയും ജീവനക്കാര്‍ക്ക്് അധിക ചുമതല നല്‍കിയും ദിവസ വേതനക്കാരെ നിയമിച്ചുംനടത്തിയ പ്രവര്‍ത്തനം ഇരുവകുപ്പുകളുടെയും ദൈനംദിന പ്രവര്‍ത്തനങ്ങളെ വരെ ബാധിച്ചിരുന്നു.
മതിയായ ജീവനക്കാരുടെ അഭാവത്തില്‍ പദ്ധതി നടപ്പാക്കിയതിനെ തുടര്‍ന്നുണ്ടായ ഗുരുതരമായ താളപ്പിഴകള്‍ക്കെതിരേ ചെറുകിട റേഷന്‍ വ്യാപാരികളും രംഗത്തിറങ്ങി. ഈ പശ്ചാത്തലത്തില്‍ സംസ്ഥാന പൊതുവിതരണ ഡയറക്ടറും മാനേജിങ് ഡയറക്ടറും നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സപ്ലൈകോയില്‍ പുതുതായി 318 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ നേരത്തെ അനുമതി നല്‍കിയത്്. ഇതിനു ഭരണാനുമതി നല്‍കിയുള്ള ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.
പുതുതായി സൃഷ്ടിക്കുന്ന 318 തസ്തികകളില്‍ 42 എണ്ണം ഭക്ഷ്യ പൊതുവിതരണ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വഴി നിയമിക്കാനാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്്.
ഒരു മാനേജര്‍, ഒരു അസി.മാനേജര്‍, 80 സീനിയര്‍ അസിസ്റ്റന്റ്, 85 ജൂനിയര്‍ അസിസ്റ്റന്റ്, 151 അസി.സെയില്‍സ്മാന്‍ എന്നിങ്ങനെയാണ് പുതിയ തസ്തികകള്‍. ഇതില്‍ 20 താല്‍ക്കാലിക സീനിയര്‍ അസി. തസ്തികകള്‍ രണ്ടുവര്‍ഷത്തിനു ശേഷം സ്ഥിരമാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."