ഷാറൂഖ് ഖാന്റെ ഫാം ഹൗസ് കണ്ടു കെട്ടി
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മുംബൈ അലിബാഗിലെ ഫാംഹൗസ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ബിനാമി ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
മുംബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അലീബാഗില്‍ 2004 ലാണ് ഷാരുഖ് ഖാന്‍ 19,960 ചതുരശ്ര അടി സ്ഥലത്ത് ഫാംഹൗസ് പണിതത്. കൃഷിഭൂമിയിലായിരുന്നു നിര്‍മ്മാണം നടത്തിയത്. വില്‍പന സമയത്ത് 14.67 കോടി രൂപ മൂല്യം കാണിച്ചിരിക്കുന്ന വസ്തുവിന് ഇപ്പോള്‍ അഞ്ചിരട്ടിയെങ്കിലും വിലയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
കൃഷിഭൂമിയില്‍ കെട്ടിടം പണിയാന്‍ അനുമതി നല്‍കാത്തതിനാല്‍ ദേജാവു ഫാംസ് എന്ന പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. എന്നാല്‍ ഭൂമിയില്‍ കൃഷിയൊന്നുമില്ലെന്നും സ്വന്തം ആവശ്യങ്ങള്‍ക്കാണ് വസ്തു ഉപയോഗിക്കുന്നതെന്നും ആദായനികുതി ഉദ്യോഗസ്ഥര്‍ ചുണ്ടിക്കാണിക്കുന്നു.
സ്വന്തം ആവശ്യത്തിനുവേണ്ടിയുള്ള തട്ടിപ്പ് ബിനാമി ഇടപാടിന്റെ പരിധിയില്‍ പെടുന്നതിലാണ് ആദായനികുതി വകുപ്പ് നടപടിയെടുത്തിരിക്കുന്നത്. ആദായനിതുകി വകുപ്പ് സ്വമേധയാ കണ്ടുകെട്ടിയതിനാല്‍ 90 ദിവസത്തെ ഇളവ് എതിര്‍കക്ഷിക്ക് ലഭിക്കും.ഇക്കാലയളവിനുള്ളില്‍ അനുകൂലവിധി സമ്പാദിക്കാവുന്നതാണ്. അല്ലാത്തപക്ഷം നിയമപ്രകാരമുള്ള ശിക്ഷാനടപടി നേരിടേണ്ടി വരും.
മുമ്പും ഷാരൂഖ് ഖാന്റെ ഫാംഹൗസിന് നേരെ നടപടിയുണ്ടായിരുന്നു. തീരദേശസംരക്ഷണ നിയമം ലംഘിച്ചുള്ള നിര്‍മ്മാണമാണെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."