മരണത്തെ കീഴടക്കിയ നാലരപതിറ്റാണ്ട്
മാഹി: പലതവണ ആവര്‍ത്തിച്ച ജീവിതകഥ പറയുമ്പോള്‍ വല്ലാത്തൊരു നിസംഗത ഈ മനുഷ്യന്റ വാക്കുകളില്‍ നിഴലിക്കുകയാണ്. എങ്കിലും അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നു. അബ്ദുള്‍ ജബ്ബാറിന്റെ കഥ കേട്ടാല്‍ നിങ്ങളും പറയും ഇത് അവിശ്വസനീയമാണെന്ന്. മരണത്തില്‍ നിന്നു ജീവിതത്തിലേക്ക് തലനാരിഴ വ്യത്യാസത്തില്‍ തിരിച്ചുവന്ന അബ്ദുള്‍ജബ്ബാറിന്റെ രണ്ടാം ജന്മത്തിന് ഇപ്പോള്‍ 45 വയസ്. 1973 ജനുവരി 31നായിരുന്നു ആ ദുരന്തം ദുബൈയിലേക്കുള്ള യാത്രയിലൂടെ കടന്നുവന്നത്. മംഗലാപുരത്ത് നിന്നു ബസില്‍ മുംബൈയിലേക്കുള്ള യാത്രയില്‍ പൂനയ്ക്ക് സമീപം കാരാട്ട് വച്ച് ലോറിയുമായി ബസ് കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ തുറന്നുപോയ ബസിന്റെ ബോണറ്റിനകത്തേക്ക് ജബ്ബാര്‍ തെറിച്ചുവീണു. കൂടെയുണ്ടായ രണ്ടുപേര്‍ മുന്‍ ചില്ലുകള്‍ തകര്‍ത്ത് റോഡിലേക്കും വീണു. അവര്‍ തല്‍ക്ഷണം മരിച്ചു. ഡോക്ടര്‍മാര്‍ അബ്ദുള്‍ ജബ്ബാറും മരിച്ചതായി വിധിയെഴുതി മിറാജ് മിഷന്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടുദിവസം മോര്‍ച്ചറിയിലായ അദ്ദേഹത്തിന്റെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി ടേബിളില്‍ എത്തി. രണ്ടുപ്രാവശ്യം തലയോട്ടി പിളര്‍ക്കാന്‍ ചുറ്റിക കൊണ്ട് നെറ്റിയില്‍ അടിച്ചു. അപ്പോഴാണ് ഡോക്ടര്‍ ഇടത് കൈവിരലില്‍ ചലിക്കുന്നതായി കണ്ടത്. വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയില്‍ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളുടെ ഇടയിലേക്ക് ഓടിയെത്തിയാണ് ഡോക്ടര്‍മാര്‍ വിവരങ്ങള്‍ അറിയിച്ചത്. പിന്നീട് മരണത്തിനും ജിവിതത്തിനുമിടയില്‍ മാസങ്ങള്‍. തലയിലെ ആഴത്തിലുള്ള മുറിവുമായി ആശുപത്രി കിടക്കയില്‍ കിടക്കുമ്പോഴാണ് ഒരു സത്യം ജബ്ബാര്‍ അറിയുന്നത്. ഇടതുകണ്ണ് പൂര്‍ണമായും അടഞ്ഞുപോയിരിക്കുന്നു, കാഴ്ച നഷ്ടമായിരിക്കുന്നു. ചുറ്റിക കൊണ്ടുള്ള അടിയില്‍ കണ്ണിന്റെ ഞരമ്പ് മുറിഞ്ഞതാണ് കാരണം. പിന്നീട് ദീര്‍ഘനാളത്തെ ചികിത്സ. ലക്ഷങ്ങളുടെ ചിലവ്. അറിയാവുന്ന തൊഴിലെടുക്കാന്‍ കാഴ്ച പ്രശ്‌നമായി. മക്കള്‍ വിദേശത്തുള്ളതുകൊണ്ട് ജീവിതം കഴിഞ്ഞുപോകാനായി.
മാഹി പുത്തലത്ത് ക്ഷേത്രത്തിനു സമീപം 'സബാഹ്' എന്ന വീട്ടില്‍ 82ാം വയസില്‍ വിശ്രമജീവിതം നയിക്കുമ്പോള്‍ ഈ മനുഷ്യന്‍ അതിജീവനകഥ കേള്‍വിക്കാരില്‍ ഇപ്പോഴും നടുക്കം സൃഷ്ടിക്കുകയാണ്. ട്രെയിനിലും ബസിലും വികലാംഗനെന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യവും വാര്‍ധക്യ പെന്‍ഷനും മാത്രമാണ് ഇന്ന് ദുരന്തത്തിന്റെ ബാക്കിപത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."