ഈരാറ്റുപേട്ടയില്‍ വൈറല്‍ പനിയും ഡെങ്കിയും പടരുന്നു
ഈരാറ്റുപേട്ട: നഗരസഭാ പ്രദേശത്തും പരിസര പഞ്ചായത്തുകളിലും വൈറല്‍ പനിയും ഡെങ്കിപ്പനിയും പടരുന്നു. മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും നൂറുകണക്കിനാളുകളാണ് ദിനംപ്രതി ചികില്‍സ തേടി എത്തുന്നത്. ആശുപത്രിയിലെ ഐപി വിഭാഗത്തില്‍ ചികിത്സതേടിയിരിക്കുന്നവരില്‍ ഏറെയും പനി ബാധിതര്‍ തന്നെ. വൈറല്‍ പനി ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരികയാണ്. കൊതുക് ഉറവിട നശീകരണം, ഓടശുചീകരിക്കല്‍, മാലിന്യനീക്കം, മഴക്കാലപൂര്‍വ ബോധവത്കരണം, സെമിനാറുകള്‍, ജലാശയങ്ങളില്‍ ക്ലോറിനേഷന്‍, ലഘുലേഖ വിതരണം എന്നിവ ഇവിടങ്ങളില്‍ തുടക്കം കുറിച്ചിട്ടില്ലായെന്ന് നാട്ടുകാര്‍ പരാതി പറയുന്നു.
വീടിന്റെ പരിസരത്തും പറമ്പുകളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുട്ടയിട്ടു പെരുകുന്ന ഈഡിസ് കൊതുകുകളാണു ഡെങ്കിപ്പനി പടര്‍ത്തുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിനാല്‍ ഇവയെ നിര്‍മാര്‍ജനം ചെയ്യാന്‍ ജനങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. വീട്ടിലും പരിസരത്തും ശുചിത്വം ഉറപ്പുവരുത്തണം. ഉപയോഗശൂന്യമായ പാത്രങ്ങളും മറ്റു വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിയരുത്. കാരണം അതില്‍ വെള്ളം കെട്ടിക്കിടക്കാനും കൊതുകുകള്‍ പെരുകാനും സാധ്യതയേറെയാണ്. വീടുകളില്‍ റഫ്രിജറേറ്റിനു പിന്‍വശത്തെ ട്രേ, ടെറസ്, ഉപയോഗിക്കാതെ കിടക്കുന്ന ടയറുകള്‍, തുടങ്ങിയ സ്ഥലങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഈഡിസ് കൊതുകുകള്‍ ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
റബര്‍തോട്ടങ്ങളിലെ ചിരട്ടകള്‍ കമിഴ്ത്തിവയ്ക്കണമെന്നും ഒരാഴ്ച വെള്ളം കെട്ടിക്കിടന്നാല്‍ അതില്‍ കൊതുകുകള്‍ പെറ്റുപെരുകുമെന്നും അതിനാല്‍ ഇവയുടെ നിര്‍മാര്‍ജനത്തിനു കര്‍ശനശ്രദ്ധ പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."