തെരുവിന്റെ മക്കള്‍ക്ക് ആശ്വാസമായി ഓപ്പറേഷന്‍ സ്വസ്തി
കോഴിക്കോട്: നഗര പരിധിയിലെ തെരുവില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായി ഓപ്പറേഷന്‍ സ്വസ്തി. തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിറ്റി പൊലിസ്, എന്‍.ജി.ഒകള്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവര്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
റെയില്‍വെ സ്റ്റേഷന്‍ ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിയുന്നവരെ അവരുടെ മേല്‍വിലാസം കണ്ടെത്തി ബന്ധുക്കള്‍ക്ക് തിരിച്ചേല്‍പ്പിക്കുകയും കോഴിക്കോട് സിറ്റിയെ യാചക മുക്ത നഗരമാക്കി മാറ്റുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മാനസികാസ്വാസ്ഥ്യം ഉള്ളവരെ ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കി വിദഗ്ധ ചികിത്സക്കായി അവരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും, ബന്ധുക്കളെ കണ്ടെത്താന്‍ സാധിക്കാത്തവരെ ഗവണ്‍മെന്റ് റെസ്‌ക്യൂ ഹോമിലോ, ആഫ്റ്റര്‍ കെയര്‍ ഹോമിലോ, ഓള്‍ഡേജ് ഹോമിലോ മറ്റ് സന്നദ്ധ സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളിലോ എത്തിക്കാനുമാണ് ഉദ്ദേശിക്കുന്നത്.
ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഒരു പരിധി വരെ നഗരത്തിലെ കുറ്റ കൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും സാധിക്കുമെന്നാണ് നിയമപാലകരുടെ പക്ഷം. പദ്ധതിയുടെ ഭാഗമായി കോഴിക്കോട് സിറ്റി പൊലിസ് പരിധിയിലേക്ക് മറ്റ് സ്ഥലങ്ങളില്‍ നിന്ന് വന്ന് താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കാനും, നഗര പരിധിയിലെ വീടുകള്‍ കേന്ദ്രീകരിച്ച് വിവരങ്ങള്‍ ശേഖരിക്കാനും പദ്ധതിയുണ്ട്.
സ്വസ്തിയുടെ സുഗമമായ നടത്തിപ്പിന് നോഡല്‍ ഓഫിസറായി ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറെയും ഓരോ സ്‌റ്റേഷന്‍ പരിധിയിലും പ്രത്യേക പൊലിസ് ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി ഇതിനോടകം 20 പേരെ പുനരധിവസിപ്പിച്ചിട്ടുണ്ട്. ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, ചാത്തമംഗലം സാന്ത്വനം ചാരിറ്റബിള്‍ട്രസ്റ്റ്, എസ്.പി.സി, മോഡല്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടന എന്നിവരാണ് പുനരധിവാസ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
തെരുവിന്റെ പലഭാഗങ്ങളില്‍ നിന്നുള്ളവരെ വാഹനത്തില്‍ മോഡല്‍ സ്‌കൂളിലെത്തിച്ച ശേഷം മുടിവെട്ടുകയും കുളിപ്പിക്കുകയും ചെയ്ത് ഇവരെ വിവിധ കേന്ദ്രങ്ങളിലേക്കെത്തിച്ചു. മാനസികവെല്ലുവിളി നേരിടുന്ന മൂന്നുപേരെ കുതിരവട്ടം ഗവ. ആശുപത്രിയിലേക്കും മറ്റുള്ളവരെ നിലമ്പൂരിലുള്ള വൃദ്ധസദനത്തിലേക്കുമാണ് എത്തിച്ചത്. പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും ബന്ധപ്പെടാം: 9497990110.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."