ദേശത്തിന് തണലൊരുക്കി ബിജു കൊട്ടാരക്കര കവിതയെഴുതുകയാണ്
മേപ്പയ്യൂര്‍: ഒരു ദേശത്തിന് തണലൊരുക്കി കവിതകള്‍ എഴുതുകയാണ് മേപ്പയ്യൂര്‍ വിളയാട്ടൂര്‍ സ്വദേശി ബിജു കൊട്ടാരക്കര എന്ന യുവ കവി. വഴിയോരങ്ങളിലും, സ്വന്തം ചുറ്റുപാടും മരങ്ങള്‍ നട്ടുനനച്ച് വളര്‍ത്തി മാതൃകയാവുകയാണ് ഇദ്ദേഹം. വിളയാട്ടൂര്‍ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലായി 5600 ലധികം വൃക്ഷങ്ങളും, വൃക്ഷതൈകളും ഇപ്പോള്‍ ഈ യുവകവിയുടെ കരങ്ങളാല്‍ പച്ച പിടിച്ച് നില്‍ക്കുന്നുണ്ട്.
കൊടും വരള്‍ച്ചയുടെയും കുടിവെള്ളക്ഷാമത്തിന്റെയും നാളുകളില്‍ വര്‍ഷങ്ങളായി ഈ യുവാവ് നടത്തിവന്ന നിസ്വാര്‍ത്ഥ സേവനത്തിന്റെ വിലയറിയുന്നുണ്ട് ഈ നാട്ടുകാര്‍.
ആദ്യമൊക്കെ ബിജുവിന്റെ മരംനടല്‍ യത്‌നത്തെ അത്ര ഗൗരവത്തോടെ കണ്ടിരുന്നില്ല നാട്ടുകാരില്‍ പലരും. എന്നാല്‍ കെട്ടുപോകാത്ത നിശ്ചയദാര്‍ഢ്യവും, ഇച്ഛാശക്തിയും അര്‍പ്പണബോധത്തോടെയുള്ള കഠിനാധ്വാനവും ഈ ചെറുപ്പക്കാരന്റെ വഴിയിലേക്ക് ജനങ്ങളുടെ ശ്രദ്ധ പതിപ്പിച്ചു.
നാടിനെ പ്രചോദിപ്പിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി വനംവന്യജീവി വകുപ്പിന്റെ പ്രകൃതി മിത്ര അവാര്‍ഡ് ബിജുവിനെ തേടിവന്നു. അവാര്‍ഡ് ലഭിച്ചതിനു ശേഷം തന്റെ ഗ്രാമം മുഴുവന്‍ അരലക്ഷം മരങ്ങള്‍ വച്ച് പിടിപ്പിക്കുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ബിജു.
ഒന്നര പതിറ്റാണ്ട് മുന്‍പ് 2002 ല്‍ അന്‍പത് വൃക്ഷത്തൈകള്‍ വച്ച് പിടിപ്പിച്ചാണ് ബിജു കൊട്ടാരക്കര തന്റെ ദൗത്യം ആരംഭിക്കുന്നത്. സമാന്തര കോളജിലെ അധ്യാപന ജോലി കൊണ്ടാണ് ബിജു തന്റെ ഉപജീവനത്തിനുള്ള വരുമാനം കണ്ടെത്തുന്നത്. ഭ്രാന്തിന്റെ പുസ്തകം എന്ന കവിതാ സമാഹാരവും ആനുകാലികങ്ങളില്‍ അച്ചടിച്ചുവന്ന പത്ത് കഥകള്‍ ഉള്‍ക്കൊള്ളിച്ച അമ്മയില്ലാത്ത വീടുകള്‍ എന്ന കഥാസമാഹാരവും ബിജുവിന്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്.
നാരങ്ങാ മിട്ടായി എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ രചനയും, സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. 20 മിനിട്ട് ദൈര്‍ഘ്യമുള്ള മീന്‍ ജീവിതങ്ങള്‍ എന്ന മറ്റൊരു ഹ്രസ്വചലച്ചിത്രത്തിന്റെ പണിപ്പുരയിലാണ് ബിജു ഇപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."