ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹരജി
കൊച്ചി: കമല്‍ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാരടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
എറണാകുളം ഇടപ്പള്ളി സ്വദേശി അഡ്വ. കെ.പി രാമചന്ദ്രന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദേശം പുറപ്പെടുവിച്ചത്. മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച സിനിമയില്‍ അവരുടെ ജീവിതത്തിലെ യഥാര്‍ഥ വസ്തുതകള്‍ മറച്ചുവച്ചാണ് ചിത്രം ഒരുക്കിയതെന്ന് ഹരജിക്കാരന്‍ ആരോപിച്ചു.
ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയ വ്യക്തികളുടെ ജീവിതം ആസ്പദമാക്കി ചിത്രം എടുക്കുന്നത് തടയാന്‍ നിയമത്തില്‍ വ്യവസ്ഥ ഉണ്ടോയെന്ന് ഇന്നലെ ഹരജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.
എന്നാല്‍, സിനിമ ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണെന്നും ഇതനുവദിക്കരുതെന്നും ഹരജിക്കാരന്‍ വാദിച്ചു.
ഇത്തരം കാര്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡല്ലേ പരിഗണിക്കേണ്ടതെന്ന കോടതിയുടെ തുടര്‍ ചോദ്യത്തിന് ശേഷമാണ് എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് നല്‍കാന്‍ നിര്‍ദേശിച്ചത്. ഹരജി ഫെബ്രുവരി ആറിന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."