അമ്മയും സഹോദരനും കണ്‍മുന്നില്‍ മരിച്ചുവീണ ഞെട്ടല്‍ മാറാതെ ശില്‍പ
വൈക്കം : തന്റെ കണ്‍ മുന്‍പില്‍ അമ്മയും സഹോദരനും മരിച്ചു വീഴുന്നതു കാണേണ്ടിവന്ന പെണ്‍കുട്ടിയാണ് ശില്‍പ. തന്റെ എല്ലാം എല്ലാമായിരുന്ന അമ്മയും സഹോദരനും ഇനിയില്ലെന്ന് ഓര്‍ക്കുമ്പോള്‍ ആ കണ്ണുകള്‍ നിറയുകയായിരുന്നു.
അമ്മയുടെയും സഹോദരന്റെയും കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്തണം എന്ന പ്രാര്‍ത്ഥനയിലും ദൃഢനിശ്ചയത്തിലുമായിരുന്നു ശില്‍പ എം.എല്‍.ടി കോഴ്‌സിന് ചേര്‍ന്നത്.എന്നാല്‍ ആ പ്രതീക്ഷയ്ക്കും ഇന്നലത്തെ പുലരിയില്‍ തിരശീലവീണു. ജീവിതത്തില്‍ താന്‍ നേടുന്ന വിജയം കാണുവാന്‍ ഇനി അമ്മയില്ലല്ലോ എന്ന ദുഖത്തിലാണ് ശില്‍പ. ഒരു ജോലി നേടി കുടുംബത്തിന് താങ്ങാകാന്‍ കാത്തിരിക്കുമ്പോഴാണ് കൊലവിളി പോലെ അമ്മയെയും സഹോദരനെയും തേടി മരണം എത്തിയത്.
തന്റെ എല്ലാമായിരുന്ന അമ്മയും ചേട്ടനും കണ്‍മുന്നില്‍ ഷോക്കേറ്റ് പിടയുന്ന കാഴ്ച ഇപ്പോഴും ശില്‍പയുടെ ഉള്ളില്‍നിന്നു പോകുന്നില്ല. തനിക്കുവേണ്ടിയാണ് അവര്‍ കഷ്ടപ്പെട്ടതെന്ന് ഓര്‍ത്ത് ഈ പെണ്‍കുട്ടി അലമുറയിടുന്ന കാഴ്ച കണ്ടുനിന്നവരെയെല്ലാം വേദനിപ്പിച്ചു. കടുത്തുരുത്തിയിലേക്ക് പഠിക്കാന്‍ പോകുന്ന ശില്‍പയ്ക്ക് എന്നും വണ്ടിക്കൂലി നല്‍കുവാന്‍ ഇനിയും അമ്മയും ചേട്ടനും ഉണ്ടാകില്ലെന്ന സങ്കടം ശില്‍പ വാവിട്ടു പറയുമ്പോള്‍ വിതുമ്പലടക്കാന്‍ പലരും പാടുപെടുന്നുണ്ടായിരുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ് പിതാവ് ഉപേക്ഷിച്ചുപോയതിനുശേഷം രാധ രണ്ട് മക്കളെയും ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് പോറ്റിയത്.
പണിതീരാത്ത വീട്ടില്‍ ഇടിയും കാറ്റും മഴയുമെത്തുമ്പോള്‍ പരസ്പരം ഇവര്‍ സമാധാനിക്കുമായിരുന്നു; എല്ലാ ബുദ്ധിമുട്ടുകളും ദൈവം മാറ്റുമെന്ന്.
എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ ശില്‍പയെ ഒറ്റയ്ക്കാക്കിയിരിക്കുകയാണ്. ശില്‍പയെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കണമെന്നും സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെടണമെന്നും ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഐകകണ്‌ഠേന ആവശ്യപ്പെട്ടു.
വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."