സജി ബഷീറിന് പുനര്‍നിയമനം നല്‍കണമെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹരജി തള്ളി
കൊച്ചി: സിഡ്‌കോ മുന്‍ എം.ഡി സജി ബഷീറിന് പുനര്‍നിയമനം നല്‍കണമെന്ന സിംഗിള്‍ബെഞ്ചിന്റെ വിധി പുനഃ പരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ ബഷീറിനു സര്‍ക്കാര്‍ നിയമനം നല്‍കേണ്ടി വരും. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്ന് അന്വേഷണം വന്നതോടെയാണ് സജി ബഷീറിനെ സര്‍ക്കാര്‍ പദവിയില്‍നിന്ന് മാറ്റി നിര്‍ത്തിയത്. എന്നാല്‍, തനിക്ക് കുറ്റാരോപണ മെമ്മോയോ കുറ്റപത്രമോ നല്‍കാതെയാണ് മൂന്നു മാസമായി സര്‍വിസില്‍നിന്ന് മാറ്റി നിര്‍ത്തിയതെന്ന് കാണിച്ചാണ് സജി ബഷീര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ അദ്ദേഹത്തിന് നിയമനം നല്‍കാന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു. പിന്നീട് ഇതു പാലിച്ചില്ലെന്ന് കാണിച്ച് വ്യവസായ വകുപ്പ് അഡി. ചീഫ് സെക്രട്ടറിക്കെതിരേ സജി ബഷീര്‍ കോടതിയലക്ഷ്യ ഹരജി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഹരജി നല്‍കിയത്.
വസ്തുതകള്‍ പരിശോധിക്കാതെയാണ് സിംഗിള്‍ബെഞ്ചിന്റെ മുന്‍ ഉത്തരവെന്നും സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ കേസുകളില്‍ സജി ബഷീര്‍ പ്രതിയാണെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍, ഈ വസ്തുതകള്‍ നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ ഉന്നയിച്ചിരുന്നില്ലെന്നും തന്റെ നിയമനം തടയാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും സജി ബഷീര്‍ വാദിച്ചു. ഇതുകൂടി കണക്കിലെടുത്താണ് സിംഗിള്‍ബെഞ്ച് പുനഃപരിശോധനാ ഹരജി തള്ളിയത്. സര്‍ക്കാരിനെതിരേ ഇയാള്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയും ഹൈക്കോടതി തീര്‍പ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."