ഹാരിസണ്‍ ഭൂമി: ഹരജികളില്‍ ഹൈക്കോടതി അന്തിമവാദം ആരംഭിച്ചു
കൊച്ചി: ഹാരിസണ്‍ മലയാളത്തിന്റെ കൈവശമുള്ള ഭൂമിയുമായി ബന്ധപ്പെട്ട ഹരജികളില്‍ ഹൈക്കോടതിയില്‍ അന്തിമവാദം ആരംഭിച്ചു. ഹാരിസണ്‍ കേസ് മാറ്റിവയ്ക്കണമെന്ന സി.ബി.ഐയുടെ ആവശ്യം തള്ളിയാണ് നടപടി. ഹാരിസണ്‍ മലയാളത്തിന്റെ കൈവശമുള്ള ഭൂമി വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയതാണെന്നാണ് സര്‍ക്കാരിന്റെ വാദം. ഇന്നലെ ഹരജി പരിഗണിക്കുമ്പോള്‍ സി.ബി.ഐ അടുത്തിടെ അഭിഭാഷകനെ മാറ്റിയെന്നും പുതിയ അഭിഭാഷകന് ചുമതല ഏല്‍ക്കുന്നതുവരെ കേസ് മാറ്റിവയ്ക്കണമെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഡിവിഷന് ബെഞ്ച് ഇതനുവദിച്ചില്ല. കഴിഞ്ഞ ഡിസംബര്‍ 19 ന് ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരമാണ് ഹാരിസണ്‍ കേസില്‍ പ്രത്യേക ബെഞ്ച് പരിഗണിക്കുന്നതെന്നും ജനുവരി 30ന് ഹരജികള്‍ പരിഗണിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും കോടതി പറഞ്ഞു. സി.ബി.ഐയുടെ അഭിഭാഷകന്റെ നിയമനത്തിലെ ചുവപ്പുനാടയുടെ പേരില്‍ കേസ് മാറ്റാന്‍ കഴിയില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞു.
ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷല്‍ ഓഫിസര്‍ നടപടികള്‍ ആരംഭിച്ചത് ചോദ്യം ചെയ്ത് ഹാരിസണ്‍ നല്കിയ ഹരജിയും ഇതില്‍ കക്ഷി ചേരാന്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്, ഹാരിസണ്‍ മലയാളം ഭൂമി തട്ടിപ്പിനെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരന് എന്നിവര്‍ നല്കിയ ഹരജികളും ഇതോടൊപ്പം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."