ക്രമക്കേടിന് തെളിവില്ല; അനര്‍ട്ട് നിയമന കേസില്‍ കടകംപള്ളിക്ക് ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: അനര്‍ട്ട് ഡയറക്ടര്‍ നിയമന കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. നിയമനത്തില്‍ മന്ത്രിക്കെതിരേ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 45 ദിവസംകൊണ്ട് പൂര്‍ത്തിയാക്കേണ്ട അന്വേഷണം ഒന്‍പതു മാസങ്ങള്‍ക്കു ശേഷമാണ് അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
നിയമനത്തില്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ ക്രമക്കേട് നടത്തിയതിനു തെളിവില്ലെന്നു കണ്ടെത്തിയ വിജിലന്‍സ്, അനര്‍ട്ടിലെ നിയമനങ്ങള്‍ക്ക് കൃത്യമായ മാനദണ്ഡം നിശ്ചയിക്കണമെന്നും നിര്‍ദേശിച്ചു.
അല്ലെങ്കില്‍ നിയമനം പൂര്‍ണമായും പി.എസ്.സിക്കു വിടണമെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സി.ഐ അരുണാണ് അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. വിജിലന്‍സ് പ്രത്യേക യൂനിറ്റ് എസ്.പി കെ. ജയകുമാറിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റിയാണ് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ അരുണിനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്. അന്വേഷണ സംഘത്തെ സ്ഥലം മാറ്റിയ അവസരത്തില്‍ കേസ് അട്ടിമറിക്കാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
2007 ലെ ടെസം പ്രൊജക്ടില്‍ അംഗമായിരുന്ന ഹരികുമാര്‍ കോടികളുടെ തിരിമറി നടത്തിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കുന്നതിനിടെയാണ് അനര്‍ട്ട് ഡയറക്ടറായി നിയമനം നല്‍കിയതെന്നാണ് പരാതി. ചീഫ് സെക്രട്ടറി, ഊര്‍ജ സെക്രട്ടറി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്നിവര്‍ നടത്തേണ്ട അനര്‍ട്ട് ഡയറക്ടര്‍ നിയമനം മന്ത്രി നേരിട്ടു നടത്തുകയായിരുന്നു. കൂടാതെ ഹരികുമാറിന് അനധികൃത നിയമനം നല്‍കി നാലു ദിവസം കഴിഞ്ഞാണ് അപേക്ഷ ക്ഷണിച്ചതെന്നും ഡയറക്ടര്‍ക്കു വേണ്ട നിശ്ചിത പ്രായ പരിധിപോലും പാലിച്ചില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതുസംബന്ധിച്ച് ആദ്യം വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷിക്കാന്‍ കൂട്ടാക്കിയില്ലെന്നു ചൂണ്ടിക്കാണിച്ച് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് കേസുകളില്‍ അന്വേഷണം നിലനില്‍ക്കേ വീണ്ടും ഹരികുമാറിന് കാലാവധി നീട്ടി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."