മാണിയെ തള്ളി ജോസഫ്; കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധ പാര്‍ട്ടിയല്ല
തിരുവനന്തപുരം: കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധ പാര്‍ട്ടിയാണെന്ന കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം മാണിയുടെ നിലപാടിനെ തള്ളി വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫ്. കോണ്‍ഗ്രസ് കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്ത പാര്‍ട്ടിയാണെന്ന് വിലക്കയറ്റത്തിനെതിരേ യൂത്ത് ഫ്രണ്ട് (എം) നടത്തിയ രാജ്ഭവന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധ നിലപാടു കൈക്കൊണ്ട ഘട്ടങ്ങളില്‍ കേരള കോണ്‍ഗ്രസ് അതു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപ്പോള്‍ കോണ്‍ഗ്രസ് ആ നിലപാടുകള്‍ തിരുത്തിയിട്ടുമുണ്ട്. എന്നാല്‍, ഇപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളൊന്നും കര്‍ഷക വിരുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ജോസഫിന്റെ പ്രതികരണം. കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധ പാര്‍ട്ടിയാണെന്ന് കഴിഞ്ഞ ദിവസം കേരളാ കോണ്‍ഗ്രസ് (എം) പ്രസിദ്ധീകരണമായ 'പ്രതിച്ഛായ'യ്ക്കു നല്കിയ അഭിമുഖത്തില്‍ മാണി ആരോപിച്ചിരുന്നു. സി.പി.എമ്മിനെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളൊന്നും അഭിമുഖത്തില്‍ ഉണ്ടായിരുന്നില്ല. ഇത് ഇടതുമുന്നണിയിലേക്കു പോകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍, മാണിയുടെ നിലപാടിനു വിരുദ്ധമാണ് ജോസഫിന്റെ പരാമര്‍ശം.
മുന്നണി പ്രവേശനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്. മാണിയും പാര്‍ട്ടി വൈസ് ചെയര്മാന് ജോസ് കെ. മാണിയും ഇടതുമുന്നണിയില്‍ ചേരണമെന്ന അഭിപ്രായക്കാരാണ്. എന്നാല്‍, ജോസഫിന്റെയും അദ്ദേഹത്തെ അനുകൂലിക്കുന്ന മോന്‍സ് ജോസഫ് അടക്കമുള്ള നേതാക്കളുടെയും നിലപാട് യു.ഡി.എഫിലേക്കു മടങ്ങണമെന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."