പത്മശ്രീ എ.കെ ബാലന്‍ (കൈനോട്ടം, ഇന്ദ്രജാലം)
കേരളം നല്‍കിയ പത്മപുരസ്‌കാരപ്പട്ടിക കേന്ദ്രസര്‍ക്കാര്‍ വെട്ടി പകരം സ്വയം ശുപാര്‍ശ ചെയ്തയാള്‍ക്കുപോലും പുരസ്‌കാരം നല്‍കിയതില്‍ ഭരണപക്ഷത്തിനെന്നപോലെ പ്രതിപക്ഷത്തിനും കടുത്ത എതിര്‍പ്പുണ്ട്. കെ.എസ് ശബരീനാഥന്‍ ഈ വിഷയം സഭയില്‍ സബ്മിഷനായി കൊണ്ടുവന്നപ്പോള്‍ മറുപടി നല്‍കിയ മന്ത്രി എ.കെ ബാലന് അതിനോടു യോജിപ്പ്.
മുമ്പില്ലാത്ത വിധം പുതിയ ചില കാര്യങ്ങളില്‍ പ്രാഗത്ഭ്യം നേടിയവര്‍ക്കും ഇപ്പോള്‍ പത്മപുരസ്‌കാരം നല്‍കുന്നുണ്ടെന്നു ബാലന്‍. കഴിഞ്ഞതവണ കളരിപ്പയറ്റിനു പുരസ്‌കാരം കൊടുത്തിട്ടുണ്ട്. ഇനി മന്ത്രവാദം, കൈനോട്ടം, ജ്യോതിഷം എന്നിവയ്‌ക്കെല്ലാം കൊടുക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ കൈനോട്ട വൈദഗ്ധ്യത്തിന്റെ പേരില്‍ തന്റെ പേരു താന്‍ തന്നെ ശുപാര്‍ശ ചെയ്യുമെന്നും ബാലന്‍.
ഇതു വെറുതെ പറയുന്നതല്ല. കൈരേഖ നോക്കി ഭാവി പ്രവചിക്കാന്‍ മിടുക്കനാണു ബാലന്‍. എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിനു സ്ഥാനഭ്രംശം സംഭവിക്കുമെന്നു ബാലന്‍ കൈരേഖയുടെ അടിസ്ഥാനത്തില്‍ പറഞ്ഞിരുന്നു. അത് അങ്ങനെത്തന്നെ സംഭവിച്ച കാര്യം ഈ വിഷയത്തില്‍ തനിക്കുള്ള മികവിനു തെളിവായി ബാലന്‍ ചൂണ്ടിക്കാട്ടി.
പറഞ്ഞുവരുമ്പോള്‍ കൈനോട്ടവിദഗ്ധന്‍ മാത്രമല്ല ബാലന്‍. ഇന്ദ്രജാലത്തിലും മിടുക്കനാണ്. ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ കെ.ഡി പ്രസേനന്‍ ആണ് ഇക്കാര്യം സഭയെ അറിയിച്ചത്. വിശക്കുന്നവര്‍ക്കു മുന്നില്‍ ദൈവം ഭക്ഷണത്തിന്റെ രൂപത്തിലാണു പ്രത്യക്ഷപ്പെടുന്നത്.
ഒരു ഓണത്തിന് അട്ടപ്പാടിയില്‍ ബാലന്‍ ആരും പ്രതീക്ഷിക്കാതെ പാവപ്പെട്ട ആദിവാസികള്‍ക്കു മുന്നില്‍ ഭക്ഷ്യധാന്യങ്ങളുമായി അത്ഭുതകരമായി പ്രത്യക്ഷപ്പെട്ടിരുന്നു. ബാലന് ഇന്ദ്രജാലം കുറച്ചൊക്കെ അറിയാമെന്ന് തനിക്കു നേരത്തേ തന്നെ അറിയാമെങ്കിലും അദ്ദേഹം ഗോപിനാഥ് മുതുകാടിനെക്കാള്‍ മികച്ച ഇന്ദ്രജാലക്കാരനാണെന്ന് ഈ സംഭവത്തോടെ മനസിലായെന്നും പ്രസേനന്‍. നയപ്രഖ്യാപനത്തെ മൊത്തത്തില്‍ എതിര്‍ക്കുന്നുണ്ടെങ്കിലും അതില്‍ പറഞ്ഞ ഒരു കാര്യം പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന് ഇഷ്ടപ്പെട്ടു. പരിസ്ഥിതിസംരക്ഷണത്തിന് ഒരു ഉപസമിതിയുണ്ടാക്കുന്ന കാര്യം. ആ സമിതിയിലേക്കു തികച്ചും യോഗ്യരായ രണ്ടു പേരെ മുനീര്‍ നിര്‍ദേശിക്കുകയും ചെയ്തു. ഭരണപക്ഷ എം.എല്‍.എമാരായ തോമസ്ചാണ്ടിയും പി.വി അന്‍വറും.
കോണ്‍ഗ്രസിനോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ സി.പി.എമ്മില്‍ നടക്കുന്ന തര്‍ക്കത്തില്‍ മുനീറിന്റെ പാര്‍ട്ടി സീതാറാം യെച്ചൂരിക്കൊപ്പമാണ്. യെച്ചൂരി കാര്യങ്ങളെ ഗൗരവത്തോടെ കാണുന്നയാളാണെന്നും ഫാസിസം നമ്മുടെ മുറ്റത്തെത്തി നില്‍ക്കുന്ന കാര്യം യെച്ചൂരി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുനീര്‍.
മുസ്‌ലിംലീഗ് മാത്രമല്ല കോണ്‍ഗ്രസും യെച്ചൂരി പക്ഷത്താണ്. കൊല്‍ക്കത്തയില്‍ യോഗം ചേര്‍ന്നു സി.പി.എം എടുത്ത തീരുമാനം ചരിത്രപരമായ മണ്ടത്തരമായിപ്പോയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്ലാം വൈകി തിരിച്ചറിയുന്ന സി.പി.എം ഇക്കാര്യം പത്തു വര്‍ഷം കഴിഞ്ഞാല്‍ തിരിച്ചറിയുമെന്ന പ്രതീക്ഷയും ചെന്നിത്തലയ്ക്കുണ്ട്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോട് എതിര്‍പ്പുണ്ടെങ്കിലും അതു ശുഷ്‌കമായിപ്പോയതില്‍ ചെന്നിത്തലയ്ക്കു പരാതിയില്ല. ശുഷ്‌കമായൊരു സര്‍ക്കാരിനു യോജിച്ചതു ശുഷ്‌കമായ നയപ്രഖ്യാപനം തന്നെയാണെന്നും ചെന്നിത്തല.
ഇവരൊക്കെ പറയുന്നതുപോലെ സി.പി.എമ്മില്‍ യെച്ചൂരി, കാരാട്ട് എന്നിങ്ങനെയുള്ള പക്ഷങ്ങളൊന്നുമില്ലെന്ന് എസ്. ശര്‍മ. ബി.ജെ.പിയെ അധികാരത്തിലെത്തിച്ചതു കോണ്‍ഗ്രസായതുകൊണ്ടാണു കോണ്‍ഗ്രസുമായി സഹകരിക്കേണ്ടെന്നു പാര്‍ട്ടി തീരുമാനിച്ചതെന്നും ശര്‍മ. കോണ്‍ഗ്രസ് വിമുക്തഭാരതമെന്ന ബി.ജെ.പി മുദ്രാവാക്യത്തിന്റെ അര്‍ഥം കോണ്‍ഗ്രസുകാരെ ഇല്ലാതാക്കുമെന്നൊന്നുമല്ലെന്നു പി. മുഹമ്മദ് മുഹ്‌സിന്‍. കോണ്‍ഗ്രസുകാരെ ആരെയും ബി.ജെ.പിക്കാര്‍ കൊല്ലുന്നില്ല.
ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുകയാണ്. അങ്ങനെ കോണ്‍ഗ്രസുകാരെയെല്ലാം ബി.ജെ.പിക്കാരാക്കി മാറ്റുമെന്നാണ് അമിത് ഷാ പറയുന്നതെന്നു ഡല്‍ഹിയുമായി നല്ല പരിചയമുള്ള മുഹ്‌സിന്‍. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് എല്ലാ കാര്യത്തിലും നിഷ്പക്ഷ, സമദൂര നിലപാടാണുള്ളതെന്നു മോന്‍സ് ജോസഫ്. അതുകൊണ്ടു ചര്‍ച്ചയില്‍ പങ്കെടുത്ത മോന്‍സ് നന്ദിപ്രമേയത്തെ എതിര്‍ത്തില്ല, അനുകൂലിച്ചതുമില്ല.
ഓഖി ദുരിതബാധിതരുടെയും കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെയുമൊക്കെ കണ്ണീര്‍ കാണാത്ത മന്ത്രിമാര്‍ക്കു വേവലാതി ഉത്തര കൊറിയയുടെയും ചൈനയുടെയും കാര്യത്തിലാണെന്ന് വി.എസ് ശിവകുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."