സ്ത്രീഹൃദയങ്ങളുടെ മനം കവര്‍ന്ന എഴുത്തുകാരന് യാത്രാമൊഴി
ഏറ്റുമാനൂര്‍: കേരളത്തിലെ സ്ത്രീഹൃദയങ്ങളുടെ മനം കവര്‍ന്ന ജനപ്രീയ എഴുത്ത് കാരന് യാത്രാമൊഴി. ഇന്ന് മലയാളി വനിതകള്‍ ടെലിവിഷന്‍ സീരിയലുകള്‍ക്ക് അടിമപ്പെട്ടിരുന്നതിന് തുല്യമോ അതിലേറെയോ ആയിരുന്നു എണ്‍പതുകളില്‍ വിവിധ ആഴ്ചപതിപ്പുകളിലൂടെ ജനഹൃദയത്തില്‍ ചേക്കേറിയ മാത്യു മറ്റം എന്ന എഴുത്തുകാരന്റെ നോവലുകള്‍.
മലയാളത്തിലെ ആഴ്ചപ്പതിപ്പുകളില്‍ പ്രസിദ്ധീകരിച്ച ഉദ്വേഗവും ഹരം പിടിപ്പിക്കുന്നതുമായ നോവലുകളിലൂടെയും കഥകളിലൂടെയും എഴുത്തിന്റെയും വായനയുടേയും വേറിട്ട തലം സൃഷ്ടിച്ച എഴുത്തുകാരില്‍ പ്രമുഖനാണ് മാത്യു മറ്റം.
ഇടുക്കിയില്‍ നിന്നും കോട്ടയത്തേക്ക് കുടിയേറിയ മാത്യു മറ്റത്തിന്റെ നോവലുകള്‍ അക്ഷരനഗരിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'മ' പ്രസിദ്ധീകരണങ്ങള്‍ എന്നറിയപ്പെട്ടിരുന്ന ആഴ്ചപ്പതിപ്പുകള്‍ മത്സരിച്ചായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. ഒരു വേള ഈ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ സര്‍ക്കുലേഷന്‍ നിയന്ത്രിച്ചിരുന്നത് തന്നെ മാത്യു മറ്റം ഉള്‍പ്പെടെയുള്ള ഏതാനും എഴുത്തുകാരുടെ സൃഷ്ടികളായിരുന്നു.
അദ്ദേഹത്തിന്റെ രചനയ്ക്കായി 80 കളില്‍ രാഷ്ട്രീയ വാരികകള്‍ ഉള്‍പ്പെടെ മലയാളത്തിലെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ കടുത്ത മത്സരം തന്നെയായിരുന്നു. മലയാളത്തിലെ ക്‌ളാസ്സിക് വിഭാഗത്തില്‍ പെടുന്ന കഥകളില്‍ നിന്നും വിഭിന്നമായി വാണിജ്യകഥകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഒരു സമാന്തര എഴുത്തുശൈലി രൂപപ്പെടുത്തിയ നോവലിസ്റ്റുകളില്‍ ഒരാളാണ് മാത്യു മറ്റം. സാധാരണക്കാരന്റെ ജീവിതപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തന്റെ രചനകളിലൂടെ വായനക്കാരിലെതിച്ച അദ്ദേഹത്തിന്റെ സൃഷ്ടികള്‍ക്കായി കേരളത്തിലെ വായനക്കാര്‍ ആകാംഷയോടെ കാത്തിരിക്കുന്ന അവസ്ഥയായിരുന്നു.
ഇദ്ദേഹത്തിന്റെ നോവലുകളുടെ അടുത്ത ഭാഗം വായിക്കുന്നതിന് ഒരാഴ്ച ഉന്തി തള്ളി വിടുന്ന വീട്ടമ്മമാര്‍ ആ കാലഘട്ടത്തിലെ ഒരു കാഴ്ച തന്നെയായിരുന്നു. ജനപ്രിയ എഴുത്തുകാരില്‍ എന്നും മുന്നിലുണ്ടായിരുന്ന മാത്യു മറ്റം 270 ലധികം നോവലുകള്‍ എഴുതിയിട്ടുണ്ട്. ലക്ഷംവീട്, കരിമ്പ്, മെയ്ദിനം, അഞ്ചു സുന്ദരികള്‍, ആലിപ്പഴം, ദൈവം ഉറങ്ങിയിട്ടില്ല, പോലീസുകാരന്റെ മകള്‍, മഴവില്ല്, റൊട്ടി, പ്രൊഫസറുടെ മകള്‍ ഇങ്ങനെ പോകുന്നു ഇദ്ദേഹത്തിന്റെ പ്രീയ നോവലുകള്‍. ഇദ്ദേഹത്തിന്റെ പല നോവലുകളും പില്‍ക്കാലത്ത് സിനിമയ്ക്കും സീരിയലുകള്‍ക്കും അവലംബിത കഥകളായി മാറി. കരിമ്പ്, മെയ്ദിനം എന്നീ കൃതികള്‍ സിനിമകളായപ്പോള്‍ ആലിപ്പഴം പോലെയുള്ള നോവലുകള്‍ ടെലിവിഷന്‍ സീരിയലുകളായി മലയാളികളുടെ മുന്നിലെത്തി.
കേരളത്തെ ഞെട്ടിച്ച ഒരു പീഡനസംഭവകഥയെ അവലംബിച്ച് അദ്ദേഹം രചിച്ച അഞ്ചു സുന്ദരികള്‍ കേരളത്തിലെ ജനപ്രിയ നോവലുകളുടെ ഗണത്തില്‍ പെടുകയും ചെയ്തു. അവസാനമായി ശ്രദ്ധ പിടിച്ചു പറ്റിയ ലോകാവസാനം എന്ന നോവല്‍ ഏറ്റവും വലിയ നോവല്‍ എന്ന അവകാശപ്പെട്ട് പ്രസിദ്ധീകരിച്ചതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."