കേരള എന്‍.ഡി.എയില്‍ ഭിന്നത രൂക്ഷം; ബി.ജെ.പിക്കെതിരേ മറ്റ് ഘടകകക്ഷികള്‍
തിരുവനന്തപുരം: ബി.ജെ.പി നേതൃത്വം നല്‍കുന്ന കേരളത്തിലെ എന്‍.ഡി.എയില്‍ ഭിന്നത രൂക്ഷം. ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കാനുള്ള തയാറെടുപ്പിലാണ് മറ്റ് ഘടകകക്ഷികള്‍. മുന്നണിയില്‍ തുടരുന്നതില്‍ ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ ജാനു നേരത്തേതന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തൊട്ടുപിറകെ ബി.ഡി.ജെ.എസ് സ്ഥാപകനേതാവും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി.
ബി.ജെ.പി ബന്ധം തുടരുന്നതില്‍ ബി.ഡി.ജെ.എസിനുള്ളില്‍ എതിര്‍പ്പ് ശക്തിപ്പെടുന്നതിനിടയിലാണ് കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ വെള്ളാപ്പള്ളി തന്റെ നിലപാട് പരസ്യമായി പ്രകടിപ്പിച്ചത്. നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ച ബി.ജെ.പിയുമായി ബന്ധം തുടരാനാവില്ലെന്ന് വെള്ളാപ്പള്ളി തുറന്നുപറയുന്നു. കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേരു നല്‍കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ലെന്ന് ആരോപിക്കുന്ന വെള്ളാപ്പള്ളി, ബി.ജെ.പിയുടേത് പിന്നോക്കവിരുദ്ധ നിലപാടാണെന്ന് കുറ്റപ്പെടുത്തുന്നുണ്ട്.
മറ്റു പല പാര്‍ട്ടികളിലും പ്രവര്‍ത്തിച്ചിരുന്ന എസ്.എന്‍.ഡി.പി അംഗങ്ങളാണ് ബി.ഡി.ജെ.എസ് പ്രവര്‍ത്തകരിലധികവും. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി രൂപീകരിച്ച് ബി.ജെ.പിയുമായി സഹകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് ഇവര്‍ ഒപ്പംനിന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. ബി.ഡി.ജെ.എസിന് ഒരു സീറ്റ് പോലും ലഭിച്ചതുമില്ല. തെരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ രൂപംകൊണ്ടിരുന്നു. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് മറ്റു പാര്‍ട്ടികളില്‍ ചേക്കേറാന്‍ തുടങ്ങിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
ദലിത് ജനവിഭാഗങ്ങളെ കൂടെ നിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം സി.കെ ജാനുവിനെ മുന്നണിയില്‍ കൊണ്ടുവന്നത്. ജാനു ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പാര്‍ട്ടി രൂപീകരിച്ച് മുന്നണിയുടെ ഭാഗമായി മത്സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുകയെന്ന ആവശ്യവുമായി ജാനുവിന്റെ നേതൃത്വത്തില്‍ സമരമാരംഭിക്കുമെന്നും മുത്തങ്ങ സമര വാര്‍ഷികദിനത്തില്‍ ജാനു സമരപ്രഖ്യാപനം നടത്തുമെന്നും ബി.ജെ.പി നേതാക്കള്‍ ഈയിടെ പറഞ്ഞിരുന്നു. എന്നാല്‍, തൊട്ടുപിറകെ അതു നിഷേധിച്ചുകൊണ്ട് ജാനു രംഗത്തുവന്നു. ഇത്തരമൊരു സമരത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നായിരുന്നു ജാനുവിന്റെ പ്രതികരണം. മുന്നണിയില്‍ ചേരുമ്പോള്‍ ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തുകയുമുണ്ടായി. ബി.ജെ.പി സ്വീകരിക്കുന്നത് ദലിത് വിരുദ്ധ സമീപനമാണെന്ന അഭിപ്രായം ജാനുവിന്റെ പാര്‍ട്ടിക്കുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."