ലോ അക്കാദമി: തുടര്‍സമരം ഒഴിവാക്കാന്‍ ബി.ജെ.പിയില്‍ സമ്മര്‍ദം
തിരുവനന്തപുരം: അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയതടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ലോ അക്കാദമിക്കെതിരേ വീണ്ടും സമരമാരംഭിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറാന്‍ ബി.ജെ.പിക്കുമേല്‍ ശക്തമായ സമ്മര്‍ദം. ആര്‍.എസ്.എസ് നേതൃത്വമാണ് സമ്മര്‍ദത്തിനു പിന്നില്‍. നായര്‍ സമുദായം നടത്തുന്ന കോളജിനെതിരായ സമരത്തില്‍ നിന്ന് ബി.ജെ.പി പിന്മാറണമെന്നാണ് ഇവരുടെ ആവശ്യം. ലോ അക്കാദമിയില്‍ നടന്ന സമരത്തിലെ പങ്കാളിത്തം ബി.ജെ.പിക്ക് വലിയ തോതില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് പാര്‍ട്ടി നേതാക്കളുടെ വിലയിരുത്തല്‍. സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാനും സമരത്തില്‍ മേല്‍ക്കൈ നേടാനും പാര്‍ട്ടിക്കു സാധിച്ചെന്ന് അവര്‍ കരുതുന്നു. അതുകൊണ്ടുതന്നെ ലോ അക്കാദമിയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുത്ത് പുതിയ സമരപരിപാടികള്‍ ആരംഭിക്കാന്‍ പാര്‍ട്ടി നേതൃത്വം നേരത്തേതന്നെ തീരുമാനിച്ചിരുന്നു.
വിദ്യാര്‍ഥി സമരം അവസാനിച്ച ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, തുടര്‍സമരമുണ്ടാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നേതൃത്വം സമരപരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിനിടയിലാണ് അതിനു തടയിടാനുള്ള നീക്കം സംഘ്പരിവാറിനകത്തുനിന്നു തന്നെ നടക്കുന്നത്.
ലോ അക്കാദമി സമരം ശക്തിപ്രാപിച്ച ഘട്ടത്തില്‍തന്നെ സംഘ്പരിവാറിനുള്ളില്‍ ഭിന്നസ്വരം ഉയര്‍ന്നിരുന്നു. സമരം തുടരുന്നതില്‍ ബി.ജെ.പി നേതൃത്വത്തിലെ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. വി. മുരളീധരന്‍ നിരാഹാര സമരമാരംഭിച്ചപ്പോള്‍ ഹിന്ദു പാര്‍ലമെന്റ് സെക്രട്ടറി സി.പി സുഗതന്‍ രംഗത്തുവന്നിരുന്നു. നായര്‍ സമുദായക്കാരന്‍ നടത്തുന്ന സ്ഥാപനം തകര്‍ക്കാന്‍ ജാതിക്കോമരമായ മുരളീധരന്‍ ശ്രമിക്കുന്നുവെന്നായിരുന്നു സുഗതന്റെ ആരോപണം. ഇതിനെ ഒറ്റക്കെട്ടായി നായര്‍ സമുദായം നേരിടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുകയുമുണ്ടായി. സമരം രൂക്ഷമായ ഘട്ടത്തില്‍ ലോ അക്കാദമി നടത്തിപ്പുകാര്‍ ചില നായര്‍ സമുദായ നേതാക്കളെ കണ്ട് സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സമുദായ നേതാക്കള്‍ ബി.ജെ.പി നേതൃത്വവുമായി ആശയവിനിമയം നടത്തിയിരുന്നു.
ഹൈന്ദവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ ചെറുക്കണമെന്നും അവയെ സംരക്ഷിക്കണമെന്നുമുള്ള വികാരം സംഘ്പരിവാറില്‍ ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."