റെയില്‍വേക്ക് പ്രത്യേക ബജറ്റ് അവതരിപ്പിക്കാത്തത് സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ട്: അമര്‍ജിത്ത് കൗര്‍
കൊച്ചി: റെയില്‍വേക്ക് പ്രത്യേക ബജറ്റ് അവതരിപ്പിക്കാത്തത് സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ടെന്ന് എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി അമര്‍ജിത്ത് കൗര്‍. എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. റെയില്‍വേക്കുപുറമെ ബാങ്ക്, പ്രതിരോധം, ഖനനം തുടങ്ങിയ മേഖലകളിലെല്ലാം സ്വകാര്യവല്‍ക്കരണത്തിന് ആക്കംകൂട്ടുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. പ്രധാനമന്ത്രിയുടെ വിദേശരാജ്യങ്ങളിലെ സന്ദര്‍ശനം ഇന്ത്യയിലെ കുത്തക കമ്പനികള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനാണ്.
ബജറ്റ് ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് മന്‍മനോഹന്‍ സിങ്ങിനെതിരേ പരാമര്‍ശങ്ങളുമായി മോദി രംഗത്തുവന്നത്.
നേരത്തേ നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ ഉയര്‍ന്നപ്പോഴും മോദി തന്ത്രപൂര്‍വം വഴിതിരിച്ചുവിട്ടു. നോട്ട് പിന്‍വലിക്കല്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ അവരുടെ നാട്ടിലേക്ക് തിരിച്ചുപോയി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സ്ഥിതിയും അതിദയനീയമാണ്.
ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ തുടങ്ങിയ പൊതുമേഖലാ ടെലിഫോണ്‍ സംരംഭങ്ങളെ തളര്‍ത്തിക്കൊണ്ട് റിലയന്‍സിനെ കരുത്തരാക്കാനാണ് മോദി ശ്രമിക്കുന്നത്. നോട്ട് പിന്‍വലിക്കലിന്റെ പേരില്‍ ചൈനയില്‍ നിന്നുള്ള പേ.ടി.എം മുതല്‍ അമേരിക്കയില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ക്കുവരെയാണ് നേട്ടം ലഭിച്ചതെന്നും അവര്‍ പറഞ്ഞു.
എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍, എ.എന്‍ രാജന്‍, വിജയമ്മ, പി.കെ കൃഷ്ണന്‍, എച്ച്. രാജീവന്‍, കെ. മല്ലിക, ബിനോയ് വിശ്വം, പി. രാജു, ടി.ജെ ആഞ്ചലോസ്, വിജയന്‍ കുനിശ്ശേരി, സി.എ കുര്യന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."