ചരിത്രം മാറ്റിയെഴുതാന്‍ ഇന്ത്യ: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് ഡര്‍ബനില്‍ തുടക്കം
ഡര്‍ബന്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ടെസ്റ്റ് പരമ്പര 2-1ന് അടിയറവ് വച്ചെങ്കിലും അവസാന ടെസ്റ്റില്‍ സ്വന്തമാക്കിയ മിന്നും ജയം ടീമിന്റെ ആത്മവിശ്വാസം മടക്കികൊണ്ടുവരാന്‍ പര്യപ്തമായതാണ് ഇന്ത്യക്ക് ആശ്വാസം. മറ്റൊന്ന് പരിമിത ഓവര്‍ ക്രിക്കറ്റിലെ അപകടകാരിയായ ആതിഥേയ ബാറ്റ്‌സ്മാന്‍ എ.ബി ഡിവില്ല്യേഴ്‌സ് പരുക്കേറ്റ് പിന്‍മാറിയതും ഇന്ത്യക്ക് തുണയാകും.
ആദ്യ മൂന്ന് ഏകദിന പോരാട്ടത്തിനും താരം കളിക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആറ് മത്സരങ്ങളാണ് ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പകലും രാത്രിയുമായി നടക്കുന്ന പോരാട്ടം ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് ആരംഭിക്കും. ഡര്‍ബനിലാണ് ഒന്നാം ഏകദിനം അരങ്ങേറുന്നത്.
2019ലെ ഏകദിന ലോകകപ്പിന് ഇനി 14 മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നതിനാല്‍ അതിലേക്കുള്ള തയ്യാറെടുപ്പുകളുടെ നാന്ദി കുറിക്കലായും ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയെ കണക്കാക്കാം. ഈ വര്‍ഷം ഇന്ത്യയെ കടുത്ത പരീക്ഷണങ്ങളാണ് കാത്തിരിക്കുന്നത്. ആറ് ഏകദിനത്തിന് പിന്നാലെ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയും കളിച്ച ശേഷം ഇന്ത്യ ശ്രീലങ്കക്കെതിരായ മൂന്ന് ടി20 പോരാട്ടത്തിനായി അവിടേയ്ക്ക് യാത്രയാകും. പിന്നീട് മൂന്ന് വീതം ഏകദിന ടി20 മത്സരങ്ങള്‍ ഇംഗ്ലണ്ടിലും അയര്‍ലന്‍ഡിലുമായും ഇന്ത്യ കളിക്കും. ഐ.പി.എല്‍ പോരാട്ടങ്ങള്‍ക്ക് ശേഷം ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പര കളിക്കാനായി ഇന്ത്യ വീണ്ടും യാത്രയാകും.
ടെസ്റ്റ് മത്സരങ്ങളെന്ന പോലെ തന്നെ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ മികച്ച റെക്കോര്‍ഡല്ല ഇന്ത്യക്കുള്ളത്. സമീപ കാലത്തൊന്നും ഇവിടെ ഒരു പരമ്പര നേട്ടം ഇന്ത്യക്ക് അവകാശപ്പെടാനില്ല. അതിനാല്‍ തന്നെ ആ പേര് ദോഷം മാറ്റാന്‍ ടീം ശ്രമിക്കുമെന്ന് ഉറപ്പിക്കാം. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ മോശം റെക്കോര്‍ഡ് പോലെ തന്നെ ഇന്ത്യയെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിറപ്പിച്ച ടീം ദക്ഷിണാഫ്രിക്ക തന്നെയാണ്.
1992-93 കാലത്തിന് ശേഷം നടന്ന 28 മത്സരങ്ങളില്‍ 21 എണ്ണത്തിലും ഇന്ത്യയെ ദക്ഷിണാഫ്രിക്ക കീഴടക്കി. കേവലം അഞ്ച് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചത്. ഇന്നത്തെ മത്സരം നടക്കുന്ന ഡര്‍ബനിലും ഇന്ത്യക്ക് ആശ്വസിക്കാന്‍ വകയുള്ള ഫലം ലഭിക്കാത്ത വേദിയാണ്. ഇവിടെ ദക്ഷിണാഫ്രിക്കക്കെതിരേ ഏഴ് മത്സരങ്ങളാണ് ഇന്ത്യ ഇതുവരെ കളിച്ചത്. അതില്‍ ആറിലും പരാജയമായിരുന്നു. ഒരു മത്സരം ഫലമില്ലാതെ പിരിയുകയും ചെയ്തു. നേരിയ ആശ്വസമുള്ളത് ഈ മണ്ണില്‍ വച്ച് 2003ലെ ലോകകപ്പില്‍ ഇംഗ്ലണ്ട്, കെനിയ ടീമുകളെ കീഴടക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു എന്നത് മാത്രമാണ്. പരമ്പര 4-2നെങ്കിലും സ്വന്തമാക്കാന്‍ സാധിച്ചാല്‍ നിലവില്‍ ഏകദിന റാങ്കിങില്‍ ഒന്നാമതുള്ള ദക്ഷിണാഫ്രിക്കയെ പിന്തള്ളി രണ്ടാമതുള്ള ഇന്ത്യക്ക് തലപ്പത്തേക്ക് കയറാനുള്ള അവസരമുണ്ട്.
മികച്ച ബാറ്റിങ്- ബൗളിങ് കോംപിനേഷനാണ് നിലവില്‍ ഇന്ത്യക്കുള്ളത്. ആരെ കൊള്ളും ആരെ തള്ളും എന്ന ആശങ്ക മാത്രമാണ് ടീമിനുള്ളത്. ബാറ്റിങ് നിരയില്‍ രോഹിത്- ധവാന്‍ ഓപണിങ് മാറ്റമില്ല. മൂന്നാം സ്ഥാനത്ത് കോഹ്‌ലി ഇറങ്ങും. നാലാം സ്ഥാനത്ത് അജിന്‍ക്യ രഹാനെ, മനീഷ് പാണ്ഡെ എന്നിവരില്‍ ഒരാള്‍ക്ക് അവസരം ലഭിക്കും. ബൗളര്‍മാരില്‍ സ്പിന്നില്‍ കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, പേസര്‍മാരില്‍ മുഹമ്മദ് ഷമി, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരില്‍ ഒരാളാകും ടീമില്‍.
പരുക്കേറ്റ ഡിവില്ല്യേഴ്‌സിന് പകരം ആളെ എടുക്കാതെ തന്നെയാണ് ദക്ഷിണാഫ്രിക്ക പോരിനിറങ്ങുന്നത്. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം പരമാവധി മുതലെടുക്കുകയാണ് അവര്‍ മുന്നില്‍ കാണുന്നത്. നിലവില്‍ ബാറ്റിങ്, ബൗളിങ് നിര ഫോമിലാണ്. പരിമിത ഓവര്‍ സ്‌പെഷലിസ്റ്റുകളായ ഡേവിഡ് മില്ലര്‍, ജെ.പി ഡുമിനി എന്നിവരുടെ സാന്നിധ്യം ബാറ്റിങ് നിരയ്ക്ക് കരുത്താകും. ഡുമിനി ആഭ്യന്തര പോരാട്ടങ്ങളില്‍ മിന്നും ഫോം പ്രദര്‍ശിപ്പിച്ചാണ് ഇന്ത്യയെ നേരിടാനായി എത്തുന്നത്. ബൗളിങില്‍ ഇമ്രാന്‍ താഹിറിന്റെ സാന്നിധ്യം ടീമിന് ബോണസാണ്.
സാധ്യതാ ടീം- ഇന്ത്യ: കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത്, ധവാന്‍, രഹാനെ (മനീഷ്), ധോണി, പാണ്ഡ്യ, കേദാര്‍ ജാദവ്, ഭുവനേശ്വര്‍, ബുമ്‌റ, കുല്‍ദീപ് (യുസ്‌വേന്ദ്ര ചഹല്‍), മുഹമ്മദ് ഷമി (ശാര്‍ദുല്‍ താക്കൂര്‍).
ദക്ഷിണാഫ്രിക്ക: ഡു പ്ലെസിസ് (ക്യാപ്റ്റന്‍), ഹാഷിം അംല, ക്വിന്റന്‍ ഡി കോക്ക്, മാര്‍ക്രം, ഡുമിനി, മില്ലര്‍, ക്രിസ് മോറിസ്, ഫെലുക്വായോ, റബാഡ, മോണ്‍ മോര്‍കല്‍, ഇമ്രാന്‍ താഹിര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."