'എതിര്‍പ്പ് എസ്.എഫ്.ഐയോടല്ല, ഫാസിസകൊടി പിടിച്ചവര്‍ക്കെതിരേ'
തിരുവനന്തപുരം: എതിര്‍പ്പ് എസ്.എഫ്.ഐയോടല്ല, ഫാസിസകൊടി പിടിച്ചവര്ക്കെതിരേയെന്ന് യൂനിവേഴ്സിറ്റി കോളജില്‍ മര്‍ദനത്തിനിരയായ ജിജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സദാചാര ഗുണ്ടായിസം നടപ്പാക്കുന്നവര്ക്കെതിരേയാണ് ഞങ്ങള്‍ പ്രതികരിക്കുന്നത്. പതിനഞ്ചോളം ആളുകള്‍ തലമുതല്‍ കാല്‍വരെ നിര്‍ത്തിയും കിടത്തിയും തല്ലി. കൂടാതെ എന്നെയും എന്റെ സുഹൃത്തുക്കളെയും മോശം സാഹചര്യത്തില്‍ കണ്ടെന്നും ചോദ്യംചെയ്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന കള്ളക്കേസും കൊടുത്തു. ഞാന്‍ തിരുവനന്തപുരത്തുവന്നത് എന്റെ ചില എഴുത്തിന്റെ ഭാഗമായിട്ടാണ്. യൂനിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥിനികളായ അസ്മിത എന്ന ജാനകിയും സൂര്യഗായത്രിയും എന്റെ അടുത്ത സുഹൃത്തുക്കളാണ്.
മിക്കവാറും ദിവസങ്ങളില്‍ ഇവരെ നേരില്‍ കാണാറുണ്ട്. ഒരു പതിവ് കൂടിക്കാഴ്ചയുടെ ഭാഗമായാണ് നാടകം കാണുന്നതിനായി യൂനിവേഴ്സിറ്റി കോളജിലെത്തിയത്. അതിനിടയിലാണ് രണ്ടുപേര്വന്ന് കൂട്ടിക്കൊണ്ടുപോയത്. ഈ കോളജില്‍ പെണ്‍കുട്ടികളുമായി ഒരുമിച്ചിരുന്ന് നാടകം കാണാന്‍ പറ്റില്ലെന്നും കോളജിന് പുറത്തുപോകാനും അവര്‍ പറഞ്ഞു. ഉടന്‍ പുറത്തേക്ക് നടക്കുകയും ചെയ്തു. അസ്മിതയും സൂര്യഗായത്രിയും എനിക്കൊപ്പം വന്നു. അതിനിടയില്‍ യാതൊരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."