നോട്ട് പ്രതിസന്ധി അതിജീവിച്ച് സഹകരണ ബാങ്കുകള്‍
തൊടുപുഴ: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലെത്തിയ സഹകരണ ബാങ്കുകള്‍ പഴയ പ്രതാപത്തിലേക്ക്. ഏതാണ്ട് 80 ശതമാനത്തോളം സംഘങ്ങളും സാധാരണ നിലയിലെത്തി. റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള ശേഷി ഭൂരിപക്ഷം സഹകരണ ബാങ്കുകളും ആര്‍ജിച്ചുകഴിഞ്ഞു.
നവകേരളീയം, സഹകരണ കാംപയിന്‍, ഭവന സന്ദര്‍ശനം, ലഘുലേഖ വിതരണം എന്നിവയിലൂടെസംസ്ഥാന സര്‍ക്കാരിന്റെ സമയോചിത ഇടപെടല്‍ മൂലമാണ് സഹകരണ മേഖലക്ക് പഴയ പ്രതാപം വീണ്ടെടുക്കാനായത്. വായ്പാ തിരിച്ചടവ്, ചിട്ടിത്തുക (എം. ഡി. എസ്), സേവിങ്‌സ് നിക്ഷേപങ്ങള്‍ എന്നിവ എത്തിത്തുടങ്ങി. ചിട്ടിത്തുക ചിറ്റാളന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
മികച്ച ഭരണസമിതികളുള്ള സഹകരണ ബാങ്കുകള്‍ വായ്പകള്‍ യഥേഷ്ടം നല്‍കുന്നുണ്ട്. ജില്ലാ സഹകരണ ബാങ്കുകളിലെ ചെക്കാണ് വായ്പക്കാരന് നല്‍കുന്നത്. പ്രതിസന്ധിഘട്ടത്തില്‍ പ്രാഥമിക സഹകണ ബാങ്കുകളെ കൈയൊഴിഞ്ഞ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ അനുയോജ്യമായ മാര്‍ഗമായാണ് ഇതിനെ പ്രാഥമിക സഹകരണ ബാങ്ക് ഭരണസമിതികള്‍ കാണുന്നത്. പ്രതിസന്ധിസമയത്ത് ദേശസാല്‍കൃത ബാങ്കുകളിലെ സേവിങ്‌സ് - കറന്റ് അക്കൗണ്ടുകളില്‍ നിന്ന് ലഭിച്ചിരുന്ന തുക ജില്ലാ സഹകരണ ബാങ്കുകളുടെ പരാതിയെ തുടര്‍ന്നാണ് തടഞ്ഞത്. ഇടുക്കി, കോട്ടയം ജില്ലാ സഹകരണ ബാങ്കുകളാണ് പരാതി നല്‍കിയത്.
അതിനിടെ, സഹകരണ ബാങ്കുകളുടെ ക്ലാസിഫിക്കേഷന്‍ ഉയര്‍ത്തി കൂടുതല്‍ ആനുകൂല്യം തട്ടാന്‍ ഒരു വിഭാഗം ജീവനക്കാര്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്. അടുത്ത സാമ്പത്തികവര്‍ഷം വിരമിക്കുന്ന ജീവനക്കാരാണ് ജോയിന്റ് രജിസ്ട്രാറെ (ജനറല്‍) സ്വാധീനിച്ച് ക്ലാസിഫിക്കേഷന്‍ ഉയര്‍ത്താന്‍ ശ്രമം നടത്തുന്നത്.
ക്ലാസിഫിക്കേഷന്‍ ഉയര്‍ത്തിയാല്‍ ക്ലാസ് വണ്‍ സ്‌പെഷല്‍ ഗ്രേഡ് ബാങ്കുകളിലെ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുമ്പോള്‍ മുക്കാല്‍ കോടിയോളം രൂപ ആനുകൂല്യങ്ങളായി ബാങ്ക് നല്‍കേണ്ടിവരും. ഇങ്ങനെ കൂടുതല്‍ തുക ആനുകൂല്യമായി നേടാന്‍ കുറുക്കുവഴിയിലൂടെ ക്ലാസ് ഉയര്‍ത്താനുള്ള നീക്കമാണ് നടത്തുന്നത്. അറ്റന്‍ഡര്‍ - സെയില്‍സ്മാന്‍ തസ്തികകളില്‍ സര്‍വിസില്‍ പ്രവേശിക്കുന്ന പലരും സെക്രട്ടറി തസ്തികയിലാണ് വിരമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."