ബ്രൂസിലോസിസ്: തിരുവിഴാംകുന്ന് ഫാമില്‍ ഉരുക്കള്‍ക്ക് വീണ്ടും ദയാവധം
പാലക്കാട്/മണ്ണാര്‍ക്കാട്: കോട്ടോപ്പാടം തിരുവിഴാംകുന്ന് വെറ്ററിനറി സര്‍വകലാശാലയുടെ ഗവേഷണ കേന്ദ്രമായ കന്നുകാലി ഫാമില്‍ ഉരുക്കള്‍ക്ക് വീണ്ടും ദയാവധം.
നാല് പശുക്കളെയും ഒരു എരുമയെയുമാണ് കഴിഞ്ഞദിവസം രഹസ്യമായി ദയാവധം നടത്തിയത്. ജീവനക്കാര്‍ക്ക് ബ്രൂസിലോസിസ് രോഗം സ്ഥിരീകരിച്ചിട്ടും നടപടിയെടുക്കാത്ത ആരോഗ്യവകുപ്പിന്റെ നിലപാടില്‍ പ്രതിഷേധം ശക്തമായിരിക്കേയാണ് ഉരുക്കളെ വീണ്ടും ദയാവധത്തിന് ഇരയാക്കിയത്. അതിനിടെ, അപകടസാധ്യത മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വ്യത്യസ്തമായതിനാല്‍ ജീവനക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 2016 സെപ്റ്റംബറില്‍ ബ്രൂസിലോസിസ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 94 ഉരുക്കളെ ഫാമില്‍ വച്ചുതന്നെ ദയാവധം നടത്തിയിരുന്നു. തുടര്‍ന്ന് ഇവിടെനിന്ന് പാല്‍ വാങ്ങാന്‍പോലും ആളുകള്‍ ശങ്കിച്ചിരുന്നു. ഇതിനിടെയാണ് അഞ്ച് ഉരുക്കളെ വീണ്ടും ദയാവധം നടത്തിയത്.
ഇവിടെ ഇടയ്ക്കിടെ ഉരുക്കളെ രഹസ്യമായി ദയാവധം നടത്താറുണ്ടെന്നാണ് വിവരം. കഴിഞ്ഞ സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസത്തില്‍ ദയാവധം നടത്തിയതിനുശേഷം ഫാമിലെ ഉരുക്കള്‍ക്ക് ബ്രൂസിലോസിസ് ബാധയില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍.
കഴിഞ്ഞ ആഴ്ചയിലാണ് ഫാമിലെ 14 തൊഴിലാളികള്‍ക്ക് ബ്രൂസിലോസിസ് രോഗമുണ്ടെന്ന വിവരം പുറത്തുവന്നത്. ഇക്കാര്യത്തില്‍ ഫാം അധികൃതര്‍ മൗനത്തിലാണ്. പ്രതിരോധമരുന്നില്ലാതെ രോഗംബാധിച്ച ഉരുക്കളെ ദയാവധം നടത്തേണ്ടിവരുമ്പോള്‍ രക്തപരിശോധനയില്‍ രോഗം സ്ഥിരീകരിച്ച തൊഴിലാളികളും ആശങ്കയിലാണ്.
ഫാമിനകത്തുനടന്ന മെഡിക്കല്‍ ക്യാംപുകളില്‍ രോഗമുണ്ടെന്ന് വ്യക്തമായ തൊഴിലാളികള്‍ക്ക് മരുന്നും അല്ലാത്തവര്‍ക്ക് പ്രതിരോധ മരുന്നും നല്‍കിയിരിക്കുകയാണെന്നാണ് അറിയുന്നത്. എന്നാല്‍, ആര്‍ക്കാണ് രോഗബാധയെന്ന് തൊഴിലാളികളെ അറിയിച്ചിട്ടില്ല. രോഗബാധയേറ്റവര്‍ക്ക് ആറുമാസത്തിനകം ലക്ഷണം പ്രകടമാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."