അഫ്‌സ്പ ആയുധമാക്കി ഇറോം ശര്‍മിളയുടെ പ്രചാരണം
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിനെതിരേ തര്‍ഫില്‍ പ്രചാരണം ശക്തമാക്കി സാമൂഹിക പ്രവര്‍ത്തക ഇറോം ശര്‍മിള. തലസ്ഥാനമായ ഇംഫാലില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള തൗബല്‍ ജില്ലയിലാണു മണ്ഡലം സ്ഥിതിചെയ്യുന്നത്.
അടുത്തിടെ പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ്(പ്രജാ) പാര്‍ട്ടി രൂപീകരിച്ചു രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തനം സജീവമാക്കിയ ഇറോം ശര്‍മിള മൂന്നു തവണയായി സംസ്ഥാനം ഭരിച്ച ഇബോബി സിങ്ങിനെതിരേ അഫ്‌സ്പ ആയുധമാക്കിയാണു പ്രചാരണം ശക്തമാക്കിയിരിക്കുന്നത്.താഴേത്തട്ടിലുള്ള ജനങ്ങളെയെല്ലാം കണ്ടുവരികയാണ് ഞാന്‍. എല്ലാവരും എന്റെ പുതിയ ചുവടുവയ്പ്പില്‍ സന്തുഷ്ടരാണ്. നാട്ടുകാര്‍ കോണ്‍ഗ്രസിനെക്കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണ്. അവര്‍ മാറ്റമാണ് ആഗ്രഹിക്കുന്നത്- ഇറോം ശര്‍മിള പറഞ്ഞു.ഇറോം ശര്‍മിള രംഗത്തെത്തിയതോടെ ശക്തമായ മത്സരമാണ് ഇബോബി മണ്ഡലത്തില്‍നേരിടുന്നത്. സായുധ സൈന്യത്തിന്റെ പരമാധികാരത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ എല്ലായിടത്തും ശര്‍മിളക്കു വന്‍ വരവേല്‍പ്പാണു നല്‍കുന്നത്. വന്‍ കോലാഹലങ്ങളോ പ്രചാരണ മാമാങ്കങ്ങളോ പോസ്റ്റര്‍ യുദ്ധമോ ശര്‍മിള പ്രചാരണായുധമാക്കുന്നില്ല എന്ന പ്രത്യേകത കൂടിയുണ്ട്. ഇത്തവണ അഞ്ചിടത്താണു തന്റെ പാര്‍ട്ടി മത്സരിക്കുന്നതെന്നും അടുത്ത തവണ 20 സീറ്റുകളിലേക്കു മത്സരിക്കുമെന്നും ശര്‍മിള പറഞ്ഞു.അതേസമയം. ഇറോം ശര്‍മിളയുടെ സാമൂഹിക പ്രവര്‍ത്തന മുഖമൊന്നും അന്തിമ ഫലം വരുമ്പോള്‍ പ്രതിഫലിക്കില്ലെന്നാണ് ഇബോബിയുടെ അനുയായികള്‍ അവകാശപ്പെടുന്നത്. മാര്‍ച്ച് നാലിനും എട്ടിനുമാണു സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."