രഹസ്യവിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: വ്യോമസേനാ ആസ്ഥാനത്തു നിന്നും തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയതിന് ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.
വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനായ ഇയാള്‍ സുപ്രധാന രേഖകള്‍ വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് വഴി ഒരു സ്ത്രീയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. എന്നാല്‍ സ്ത്രീയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നുംതന്നെ ലഭ്യമായിട്ടില്ല. ഇയാള്‍ ഹണിട്രാപ്പില്‍ പെട്ടതായാണ് സംശയിക്കുന്നത്.
ഉദ്യോഗസ്ഥനെ ഇപ്പോള്‍ അന്വേഷണസംഘം ചോദ്യംചെയ്തു വരികയാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ വാട്‌സ്ആപ്പിലൂടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയത്. ഏതാനും മാസങ്ങളായി ഒരു സംഘം ഇയാളെ ഉപയോഗപ്പെടുത്തിവരികയായിരുന്നു എന്നാണ് കരുതുന്നത്. ഏത് തരത്തിലുള്ള വിവരങ്ങളാണ് ഇവര്‍ ചോര്‍ത്തിയതെന്നും പരിശോധിച്ചുവരികയാണ്. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
സൈനികര്‍ക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണമുണ്ട്. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനും യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിനും വിലക്കുണ്ട്. അതേസമയം, ഉദ്യോഗസ്ഥന്റെ അറസ്റ്റിനെപറ്റി വ്യോമസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."