ബഹ്‌റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി മടങ്ങി; പ്രവാസികള്‍ക്ക് പ്രതീക്ഷ
മനാമ: ത്രിദിന ബഹ്‌റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങി. ശനിയാഴ്ച അര്‍ധരാത്രി ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച തുടങ്ങിയ സന്ദര്‍ശനത്തിനിടെ അദ്ദേഹം പ്രമുഖ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി അവസാനമാണ് കൂടിക്കാഴ്ച നടത്തിയത്. ശനിയാഴ്ച രാത്രി സഫ്രിയ പാലസില്‍ നടന്ന ചര്‍ച്ച അരമണിക്കൂറോളം നീണ്ടു. കേരളത്തിന്റെ ഉപഹാരമായി രാജാവിന് ആറന്‍മുള കണ്ണാടിയും പിണറായി സമര്‍പ്പിച്ചു.
കേരളം സന്ദര്‍ശിക്കാനുള്ള ക്ഷണം പരിഗണിക്കാമെന്ന് രാജാവ് ഉറപ്പുനല്‍കി.
കേരളവും മലയാളികളുമായുള്ള ദീര്‍ഘനാളത്തെ ബന്ധവും രാജാവ് അനുസ്മരിച്ചു. കേരളവും ബഹ്‌റൈനും ശക്തമായി മുന്നോട്ടു പോകും. ഇന്ത്യ ബഹ്‌റൈന്‍ പുരോഗതിക്കായി ഒരു വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കുന്നതിന്റെ സാധ്യതകള്‍ പരിഗണിക്കണമെന്നു രാജാവ് പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.
ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ തുടങ്ങിയവരുമായും അദ്ദേഹം ചര്‍ച്ച നടത്തി.
പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ രാഷ്ട്ര നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ സാധിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
പ്രവാസി വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്‍ ഭരണകൂടത്തിന്റെ അതിഥിയായാണ് ബഹ്‌റൈനിലെത്തിയത് എന്നതിനാല്‍ ഈ സന്ദര്‍ശനത്തെയും കൂടിക്കാഴ്ചകളെയും ഏറെ പ്രതീക്ഷകളോടെയാണ് കാണുന്നത്. കേരളവും ബഹ്‌റൈനും തമ്മിലുള്ള നിക്ഷേപ, വ്യാപാര ബന്ധങ്ങളിലും സൗഹൃദത്തിലും മുഖ്യമന്ത്രിയുടെ സന്ദര്‍ശനം നാഴികക്കല്ലാകുമെന്നാണ് പ്രമുഖര്‍ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."