ഗ്രീസിന് ആശ്വാസം; ഭീമന്‍ ബോംബ് നിര്‍വീര്യമാക്കി
ഏതന്‍സ്: രണ്ടാംലോക മഹായുദ്ധകാലത്ത് നാസികള്‍ നിക്ഷേപിച്ചതെന്ന് കരുതുന്ന കൂറ്റന്‍ ബോംബ് നിര്‍വീര്യമാക്കി. 227 കിലോ ഗ്രാം ഭാരമുള്ള ബോംബ് ഇന്നലെയാണ് നിര്‍വീര്യമാക്കിയത്. ഗ്രീസിലെ രണ്ടാമത്തെ വലിയ നഗരമായ തെസലോനികിയിലെ ഗ്യാസ് സ്റ്റേഷനിലായിരുന്നു ബോംബ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച റോഡ് നിര്‍മാണത്തിനു വേണ്ടി മണ്ണെടുത്തപ്പോഴാണ് ശ്രദ്ധയില്‍പെട്ടത്.
ഇന്നലെ രാവിലെ ഏഴിനാണ് നിര്‍വീര്യമാക്കല്‍ പ്രവൃത്തികള്‍ ആരംഭിച്ചത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തു നിന്ന് 70,000 പേരെ മാറ്റിപാര്‍പ്പിച്ചിരുന്നു. 1.9 കി.മി ദൂരപരിധിയിലുള്ളവരെയാണ് മാറ്റിയത്. രാവിലെ 11.30 നാണ് വിദഗ്ധര്‍ ജോലി തുടങ്ങിയത്. 90 മിനുട്ടായിരുന്നു നിശ്ചയിച്ച സമയം. എന്നാല്‍ 30 മിനുട്ടിനകം ദൗത്യം ലക്ഷ്യം കണ്ടുവെന്ന് മധ്യ മാസിഡോണിയ ഗവര്‍ണര്‍ അപോസ്തലോസ് മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് ബോംബ് സൈനിക ഫയറിങ് റേഞ്ചിലേക്ക് മാറ്റി.
ആദ്യഘട്ട ബോംബ് നിര്‍വീര്യമാക്കല്‍ വിജയകരമായിരുന്നുവെന്ന് അധികൃതര്‍. ശേഷിക്കുന്ന ജോലി സൈനിക കേന്ദ്രത്തില്‍ നിന്ന് തുടരും. അത് കഴിയുന്നതുവരെ മാറ്റിപാര്‍പ്പിച്ചവര്‍ക്ക് വീടുകളിലേക്ക് തിരിച്ചുവരാനാകില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിര്‍വീര്യമാക്കലും ബോംബ് കൊണ്ടുപോകലും അപകടകരമായതിനാലാണിത്.
ബോംബ് സ്‌ഫോടനത്തിലൂടെ തകര്‍ത്തുവെന്ന്71കാരനായ പ്രദേശവാസി പാപനോസ് പറഞ്ഞു. ഭൂകമ്പം പോലെയാണ് അനുഭവപ്പെട്ടതെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബോംബ് എങ്ങനെയാണ് നിര്‍വീര്യമാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ വിവിധ ഹോട്ടലുകളിലെ 175 മുറികള്‍ സര്‍ക്കാര്‍ ബുക്ക് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."