സഊദിയില്‍ അനുമതിയില്ലാതെ സംഭാവനകള്‍ ശേഖരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ; കരടു നിയമം ശൂറാ കൗണ്‍സിലിന്റെ പരിഗണനയില്‍
ജിദ്ദ: ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നുള്ള ലൈസന്‍സില്ലാതെ സംഭാവനകള്‍ ശേഖരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന കരടു നിയമം സഊദി ശൂറാ കൗണ്‍സിലിന്റെ പരിഗണനയില്‍. നിയമം അടുത്ത മാസം ഏഴിന് ശൂറാ കൗണ്‍സില്‍ ചര്‍ച്ചക്കെടുക്കും. ലൈസന്‍സില്ലാതെ സംഭാവനകള്‍ ശേഖരിക്കുന്നവര്‍ക്കും സംഭാവന നല്‍കുന്നതിന് ആഹ്വാനം ചെയ്യുന്നവര്‍ക്കും ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.
ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം കുറ്റക്കാരായ വിദേശികളെ നാടുകടത്തും. സംഭാവനകള്‍ പിരിക്കുന്നതിന് ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ തന്നെ ബന്ധപ്പെട്ട വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങിയില്ലെങ്കില്‍ രണ്ടു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. ലൈസന്‍സില്ലാതെ സംഭാവനകള്‍ ശേഖരിക്കുകയോ സംഭാവനകള്‍ക്ക് ആഹ്വാനം ചെയ്യുകയോ നിയമത്തിന് നിരക്കാത്ത നിലക്ക് സംഭാവനകള്‍ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് അഞ്ചു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുന്നതിന് നിയമം അനുശാസിക്കുന്നു.
സംഭാവന ശേഖരണ നിയമത്തിലെ വകുപ്പുകള്‍ ലംഘിക്കുന്ന, സംഭാവന സമാഹരണത്തിന് ലൈസന്‍സുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അര ലക്ഷം റിയാല്‍ പിഴ ലഭിക്കും. ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷിച്ചും രേഖകള്‍ പരിശോധിച്ചും ഉറപ്പു വരുത്തിയല്ലാതെ സംഭാവന ശേഖരണത്തിനുള്ള രസീതികള്‍ പ്രസുകള്‍ അച്ചടിക്കുന്നത് വിലക്കുണ്ട്.
രസീതികള്‍ അച്ചടിക്കുന്ന പ്രസിന്റെ പേര്, സംഭാവന ശേഖരണത്തിനുള്ള ലൈസന്‍സ് നമ്പര്‍, ലൈസന്‍സ് തീയതി, രസീതികള്‍ സ്വീകരിക്കുന്ന വ്യക്തിയുടെ പേര്, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നിവയെല്ലാം പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."