#കേന്ദ്ര ബജറ്റ്- 2018: കര്‍ഷകരേയും വീട്ടമ്മമാരേയും കൈയിലെടുത്ത് ധനമന്ത്രി; ലക്ഷ്യം തെരഞ്ഞെടുപ്പു തന്നെ
ന്യൂഡല്‍ഹി: കാര്‍ഷിക വിളകള്‍ക്കും ആരോഗ്യസുരക്ഷയ്ക്കും പ്രാധ്യാന്യം നല്‍കി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ ആനുകൂല്യങ്ങളുടെ വാഗ്ദാനപ്പെരുമഴ.
നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ ആരോഗ്യ സുരക്ഷയ്ക്കും സ്ത്രീസുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. എന്നാല്‍ പലതും ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ധനകാര്യ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയെന്ന വിശേഷണത്തോടെ ദേശീയ ആരോഗ്യസുരക്ഷാപദ്ധതി പ്രഖ്യാപിച്ചതും ഇടത്തരക്കാരുടെ വോട്ട് ലക്ഷ്യമിട്ടുള്ളതാണ്. 50 കോടി ജനങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. എന്നാല്‍ ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നത് എങ്ങിനെയെന്ന കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ ഒന്നുമില്ലതാനും.
കേന്ദ്ര ബജറ്റിന്റെ പൂര്‍ണരൂപം വായിക്കാന്‍- Union_Budget
കാര്‍ഷിക വളര്‍ച്ചയ്ക്ക് ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി, കാര്‍ഷിക ഉല്‍പാദനം ഇരട്ടിയാക്കുക, വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കുക, ഇനാം പദ്ധതിയില്‍ കൂടുതല്‍ കര്‍ഷകരെ പങ്കാളികളാക്കുക, കാര്‍ഷിക ക്ലസ്റ്റര്‍ വികസിപ്പിക്കുക, എന്നിവയും മുള അധിഷ്ഠിത വ്യവസായങ്ങള്‍ക്കുള്ള മുന്‍ഗണന, കാര്‍ഷിക വിപണികളുടെ വികസനത്തിനായി 2000 കോടി രൂപ നീക്കിവയ്ക്കും എന്നീ പ്രഖ്യാപനങ്ങളും കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന വാഗ്ദാനങ്ങളാണ്.
എന്നാല്‍ പെട്രോളിനും ഡീസലിനും വിലകുറയ്ക്കുന്ന പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ബജറ്റില്‍ ഇല്ലാത്തത് നിരാശപ്പെടുത്തി. നികുതി കുറയ്ക്കുക വഴി രണ്ടു രൂപവരെ ഇന്ധനവില കുറയുമെന്നു പറയുന്നുണ്ടെങ്കിലും അതൊരു വലിയ ആശ്വാസമാകാന്‍ ഇടയില്ല.
നാലു കോടി ദരിദ്രര്‍ക്ക് സൗജന്യ വൈദ്യുതിയും കര്‍ഷകരെ കൈയിലെടുക്കാനുള്ള തന്ത്രമായി വേണം കരുതാന്‍.
എന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് വീണ്ടും നികുതിയിളവുകള്‍ നല്‍കി അവരേയും പിണക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചു. 250 കോടി രൂപ വരെ വരുമാനമുള്ള കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതി 25 ശതമാനമായി തുടരുമെന്നാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ആദായനികുതി ഘടനയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയാറാകാതിരുന്നതും തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണെന്നും വേണം കരുതാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."