ഇന്ത്യക്കും ജയത്തിനുമിടയില്‍ ഏഴു വിക്കറ്റുകള്‍
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്ത്യക്കും വിജയത്തിനുമിടയില്‍ ഏഴു വിക്കറ്റുകള്‍. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ നാലു വിക്കറ്റിനു 159 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതോടെ വിജയത്തിലേക്ക് ബംഗ്ലാദേശിനു വേണ്ടത് 459 റണ്‍സ്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശകര്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയില്‍. ഒരു ദിവസവും ഏഴു വിക്കറ്റുകളും കൈയിലിരിക്കേ 356 റണ്‍സ് കൂടി വേണം അവര്‍ക്ക്. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 299 റണ്‍സിന്റെ മികച്ച ലീഡ് നേടിയിരുന്നു. അവസാന ദിനത്തില്‍ വിജയം അപ്രാപ്യമെന്നിരിക്കേ ബംഗ്ലാദേശ് പിടിച്ചു നിന്നു മത്സരം സമനിലയില്‍ എത്തിക്കാനാകും ഒരുങ്ങുക. തമീം ഇഖ്ബാല്‍ (മൂന്ന്), സൗമ്യ സര്‍ക്കാര്‍ (42), മൊമിനുല്‍ ഹഖ് (27) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിനു നഷ്ടമായത്. ഒന്‍പത് റണ്‍സുമായി മഹ്മദുല്ലയും 21 റണ്‍സുമായി ഷാക്കിബ് അല്‍ ഹസനുമാണ് ക്രീസില്‍. ഇന്ത്യക്കായി അശ്വിന്‍ രണ്ടും ജഡേജ ഒരു വിക്കറ്റും പിഴുതു.
രണ്ടാം ഇന്നിങ്‌സില്‍ ക്ഷണത്തില്‍ റണ്‍സടിച്ചാണു ഇന്ത്യ കൂറ്റന്‍ വിജയ ലക്ഷ്യം ബംഗ്ലാദേശിനു മുന്നില്‍ വച്ചത്. വെറും 29 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 159 റണ്‍സിലെത്തി. ചേതേശ്വര്‍ പൂജാര പുറത്താകാതെ 54 റണ്‍സെടുത്തു. 58 പന്തില്‍ ആറു ഫോറും ഒരു സിക്‌സുമടിച്ചാണ് പൂജാര അര്‍ധ സെഞ്ച്വറി നേടിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 40 പന്തില്‍ 38ഉം രഹാനെ 35 പന്തില്‍ 28ഉം റണ്‍സെടുത്തു. ജഡേജ പത്തു പന്തില്‍ 16 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓപണര്‍ കെ.എല്‍ രാഹുല്‍ ഒരിക്കല്‍ കൂടി പരാജപ്പെട്ടു. 10 റണ്‍സാണ് രാഹുല്‍ നേടിയത്. മുരളി വിജയ് ഏഴു റണ്‍സെടുത്തു പുറത്തായി. ബംഗ്ലാദേശിനായി തസ്‌കീന്‍ അഹമ്മദും ഷാകിബ് അല്‍ ഹസനും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ഇന്ത്യയുടെ 687 റണ്‍സെന്ന കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനു മറുപടിയായി ബാറ്റു ചെയ്ത ബംഗ്ലാദേശ് 388 റണ്‍സിനു പുറത്തായി. സെഞ്ച്വറി നേടി നായകന്‍ മുഷ്ഫിഖര്‍ റഹിം പൊരുതി നിന്നെങ്കിലും മറ്റൊരാളും കാര്യമായി പിന്തുണച്ചില്ല. ബംഗ്ലാ നായകന്‍ 127 റണ്‍സെടുത്തു പത്താമനായി പുറത്തായതോടെ അവരുടെ ഇന്നിങ്‌സിനും തിരശ്ശീല വീണു. 262 പന്തില്‍ 16 ഫോറും രണ്ട് സിക്‌സും അടിച്ചാണ് മുഷ്ഫിഖര്‍ അഞ്ചാം ടെസ്റ്റ് ശതകം പിന്നിട്ടത്.
ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നു വിക്കറ്റുകളും ആര്‍ അശ്വിന്‍ ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റുകളും ഇഷാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."