ഡര്ബന് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം
ഡര്ബന്: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം. നായകന് വിരാട് കോഹ്ലി (112) സെഞ്ചുറി നേടി വിജയത്തിലേക്ക് നയിച്ചു. അജിങ്ക്യാ രഹാനെ 79 റണ്‍സ് നേടി നായകന് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 189 റണ്‍സാണ് നേടിയത്. സെഞ്ചുറി നേടി ടീമിനെ വിജയത്തീരമണിയിച്ച നായകന് വിരാട് കോഹ്ലിയാണ് കളിയിലെ കേമന്‍.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റെടുത്ത യുസ്വേന്ദ്ര ചഹല്‍ എന്നിവരുടെ മികച്ച ബൗളിങാണ് ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയത്.
ടോസ് നേടി ആതിഥേയര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് നേടിയ സെഞ്ച്വറി (120)യുടെ കരുത്തിലാണ് പൊരുതാവുന്ന സ്കോറിലേക്ക് ദക്ഷിണാഫ്രിക്ക എത്തിയത്. ഏറെക്കുറേ ഒറ്റയ്ക്ക് തന്നെ നായകന് ടീമിനെ മുന്നോട്ട് നയിക്കുന്ന കാഴ്ചയായിരുന്നു ഡര്‍ബനില്‍.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപണര്‍ ക്വിന്റന്‍ ഡി കോക്ക് (34), വാലറ്റത്ത് ക്രിസ് മോറിസ് (37), ഫെലുക്വായോ (പുറത്താകാതെ 27) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്ന് ഡുപ്ലെസിസിനെ പിന്തുണച്ചത്. ഹാഷിം അംല (16), ഡിവില്ല്യേഴ്സിന് പകരം ടീമിലെത്തിയ മാര്‍ക്രം (ഒന്‍പത്), ഡുമിനി (12), ഡേവിസ് മില്ലര്‍ (ഏഴ്), റബാഡ (ഒന്ന്) എന്നിവര്‍ കാര്യമായ സംഭാവനകള്‍ നല്കാന് കഴിയാതെ കൂടാരം കയറി. 10 ഓവറില്‍ 34 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് മൂന്ന് വിക്കറ്റെടുത്തത്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുമ്റ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."