വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ കോംപ്ലക്‌സ് പ്രചരണവുമായി ഉസ്താദ് ആമനങ്ങാട് മുഹമ്മദ് കുട്ടി ഫൈസി ബഹ്‌റൈനില്‍
മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകവും പ്രമുഖ മുസ്‌ലിം യുവജന കൂട്ടായ്മയുമായ സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ കോംപ്ലക്‌സിന്റെ പ്രചരണവുമായി പ്രമുഖ വാഗ്മിയും പണ്ഡിതനും സ്ഥാപനത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഉസ്താദ് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി ബഹ്‌റൈനില്‍ എത്തി.
നിര്‍ധനരായ നിരവധി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി മതഭൗതിക വിദ്യാഭ്യാസം നല്‍കിവരുന്ന അന്‍വാറുല്‍ ഹുദാ എന്ന വിദ്യാഭ്യാസ സമുച്ചയം 1996ലാണ് വെട്ടത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ചത്.
തെന്നിന്ത്യയിലെ പ്രമുഖ സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളേജുമായി 2014 മുതല്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ഇന്ന് ജൂനിയര്‍ ശരീഅത്ത് കോളേജ്, ഹിഫഌല്‍ ഖുര്‍ആന്‍ കോളേജ് എന്നീ വിഭാഗങ്ങളിലായി നിരവധി വിദ്യാര്‍ഥികള്‍ മതഭൗതിക പഠനം നടത്തുന്നുണ്ട്.
മതഭൗതിക വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന ഒരു കേന്ദ്രമാവുക, ആധുനിക യുഗവുമായി സംവദിക്കാവുന്ന ബഹുമുഖ പണ്ഡിത പ്രതിഭകളെ വാര്‍ത്തെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട്, പ്രമുഖ മതഗ്രന്ഥങ്ങളില്‍ ആഴത്തിലുള്ള ഗവേഷണ പഠനവും അറബി, ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി, മലയാളം എന്നീ ഭാഷകളിലുള്ള പരിജ്ഞാനവും ഡിഗ്രി അടക്കമുള്ള ഭൗതിക വിദ്യാഭ്യാസവും പ്രസംഗതൂലികാ പരിശീലനങ്ങളും കംപ്യൂട്ടര്‍ ഐ.ടി പഠനവും ഇവിടെ നല്‍കി വരുന്നുണ്ടെന്ന് ഉസ്താദ് ആനമങ്ങാട് മുഹമ്മദ് കുട്ടി അറിയിച്ചു. ഇതിനെല്ലാം പുറമെ, ഈ ഭാഗത്തെ വിശ്വാസികള്‍ക്ക് അനുഗ്രഹമായി ഒരേ സമയം 500 പേര്‍ക്ക് പ്രാര്‍ഥന നിര്‍വ്വഹിക്കാവുന്ന വിശാലമായ മസ്ജിദും ഈ കാംപസിലുണ്ട്.
[caption id="attachment_241986" align="alignnone" width="620"] എസ്.വൈ.എസ് സമസ്ഥാന കമ്മിറ്റിക്കു കീഴില്‍ മലപ്പുറം ജില്ലയിലെ വെട്ടത്തൂരില്‍ പ്രവര്‍ത്തിക്കുന്ന അന്‍വാറുല്‍ ഹുദാ കോംപ്ലക്‌സ് പ്രധാന കെട്ടിടം.[/caption]നിലവില്‍, പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ ആലിക്കുട്ടി ഉസ്താദ് വൈസ് പ്രസിഡന്റും ഹാജി കെ. മമ്മദ് ഫൈസി ജനറല്‍ സെക്രട്ടറിയും പി. സി കുഞ്ഞാന്‍ കാപ്പ് ട്രഷററും കെ. കെ അബ്ദുല്ല കുട്ടി ഹാജി വൈസ് പ്രസിഡന്റുമാണ്. ഉസ്താദ് ആനമങ്ങാട് മുഹമ്മദ് കുട്ടിയാണ് ഓര്‍ഗനൈസിങ് സെക്രട്ടറി.
സ്ഥാപനത്തിന്റെ ദൈനംദിന ചിലവുകളെല്ലാം നടന്നുപോകുന്നത് ഉദാരമതികളുടെ സഹായം കൊണ്ട് മാത്രമാണെന്നും ബഹ്‌റൈനിലെ മുഴുവന്‍ വിശ്വാസികളുടെയും കാരുണ്യം ഈ സ്ഥാപനത്തോട് ഉണ്ടാകണമെന്നും ഉസ്താദ് അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +97335421251, +91 9744404880 എന്നീ നമ്പറുകളില്‍ ഉസ്താദുമായി നേരില്‍ ബന്ധപ്പെടാവുന്നതാണ്. സ്ഥാപനത്തിന്റെ ബഹ്‌റൈന്‍ ചാപ്റ്റര്‍ കമ്മിറ്റി രൂപീകരണ യോഗം ഇന്ന് (തിങ്കള്‍) രാത്രി 9 മണിക്ക് മനാമയിലെ സമസ്ത ബഹ്‌റൈന്‍ ആസ്ഥാനത്ത് നടക്കുന്ന ഖുര്‍ആന്‍ ക്ലാസ്സിനു ശേഷം നടക്കും. ചടങ്ങില്‍ ഉസ്താദ് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി 'ഇബാദു റഹ്മാന്‍' എന്ന വിഷയത്തില്‍ ക്ലാസെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പഠന ക്ലാസ്സില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് +97339533273 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."