ജിഷ്ണുവിന്റെ മരണം: അഞ്ചുപേര്‍ക്കെതിരെ കേസ്; വൈസ് പ്രിന്‍സിപ്പലും പ്രതി
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഇവര്‍ക്കെതിരേ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തുമെന്നാണു സൂചന. പ്രിന്‍സിപ്പല്‍ വരദരാജന്‍, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, പരീക്ഷാഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന്‍ സി.പി.പ്രവീണ്‍, പരീക്ഷ സെല്‍ അംഗങ്ങളായ വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. സംഭവം നടന്ന ദിവസം ഡ്യൂട്ടിയില്‍ ഇല്ലാത്തതിനാല്‍ പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥനെതിരേ കേസെടുത്തില്ല. ഇതു വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അതേസമയം വിദ്യാര്‍ഥികള്‍ക്കെതിരേ വധഭീഷണി മുഴക്കിയില്ലെന്ന കോളജ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ വാദം പൊളിഞ്ഞു. വധഭീഷണി മുഴക്കിയ ദിവസം കോളജിലില്ലായിരുന്നുവെന്നാണു ചെയര്‍മാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇയാള്‍ കാംപസിലുണ്ടായിരുന്നതായി തൊളിഞ്ഞിട്ടുണ്ട്. ജിഷ്ണുവിന്റെ മരണം നടന്നു 38ാം ദിവസമാണ് അധ്യാപകരുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ അന്വേഷണസംഘം നിര്‍ബന്ധിതമായത്. എ.സി.പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജിഷ്ണുവിന്റെ സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നു ശേഖരിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം നിയമോപദേശം തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."