മെഗാ ടൂറിസം പദ്ധതി പാളി: പോള നിറഞ്ഞ് കനാലുകള്‍ ; മുഖം തിരിച്ച് അധികൃതര്‍
ആലപ്പുഴ : കിഴക്കിന്റെ വെനീസ് വീര്‍പ്പുമുട്ടുന്നു. പോളനിറഞ്ഞ കനാലുകളും രോഗം പരത്തുന്ന കൊതുകുകളും നഗരത്തിന് ശാപമാകുകയാണിപ്പോള്‍.
നാലര കോടി ചെലവിട്ടിട്ടും കനാലുകളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് നേരമില്ല. കനാലുകളുടെ സംരക്ഷണ ചുമതലയുളള കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റിയും ഡി ടി പി സിയും പോള നിറഞ്ഞ് കൊതുകളുടെ ആവാസ കേന്ദ്രമായി മാറുന്ന കനാലുകളെ സംരക്ഷിക്കാന്‍ വിമുഖത കാട്ടുകയാണ്. ഭരണനിര്‍വ്വഹണത്തിലെ കെടുകാര്യസ്ഥയാണ് കനാലുകളെ നാശത്തിലേക്ക് തളളിവിടുന്നതെന്ന് അറിയാന്‍ കഴിയുന്നു. ടൂറിസം മന്ത്രി ചെയര്‍മാനും ടൂറിസം സെക്രട്ടറി വൈസ് ചെയര്‍മാനും ഡി.ടി.പി.സി സെക്രട്ടറി സി ഇ ഒ ആയിട്ടുളള ഭരണസമിതിയാണ് കനാല്‍ മാനേജുമെന്റ് സൊസൈറ്റി. ഇവര്‍ കൂടിചേര്‍ന്ന് എടുക്കുന്ന തീരുമാനങ്ങളാണ് നിര്‍വ്വഹിക്കപ്പെടേണ്ടതും.
എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷകാലമായി സൊസൈറ്റി യോഗം നടന്നിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പട്ടണം ചുറ്റി പതിനഞ്ച് കിലോമീറ്ററോളം വരുന്ന കനാലുകള്‍ ഇപ്പോള്‍ രോഗം പരത്തുന്ന കൊതുകളുടെ ആവാസ കേന്ദ്രമായി മാറികഴിഞ്ഞു.
പോള കയറി നിറഞ്ഞ കനാലുകളുടെ നീരൊഴുക്കും തടസപ്പെട്ടിട്ടുണ്ട്. ടൂറിസം വികസനത്തിന്റെ ഭാഗമായി കനാല്‍ നവീകരിക്കാന്‍ ഇറങ്ങി പുറപ്പെട്ട അധികൃതര്‍ കനാലിന്റെ അടിത്തട്ട് ഇളക്കി മണ്ണ് കോരിയെടുക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അവസരം ഒരുക്കി കൊടുത്തു. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മണല്‍ കമ്പനി കനാലിന്റെ തിട്ടകള്‍ ഇടിച്ചാണ് മധ്യഭാഗത്തുനിന്നും എക്കല്‍ നിറഞ്ഞ മണ്ണ് കടത്തിയത്. കനാലിന്റെ ചില പ്രത്യേക കോണുകളില്‍നിന്നും ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് മണല്‍ വാരിയതില്‍ ദുരൂഹത നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
കടലിനോട് ചേര്‍ന്ന് കനാല്‍ ഒഴുകുന്ന ഭാഗങ്ങളില്‍നിന്നാണ് മണ്ണ് പ്രധാനമായും കോരിയെടുത്തത്. കടലില്‍നിന്നും കനത്തരീതിയില്‍ കരിമണല്‍ ഈഭാഗങ്ങളില്‍ നല്ല ഉറവയെത്തുന്ന ഭാഗമാണ് മുപ്പാലം അടക്കമുളള പ്രദേശം. കടലില്‍നിന്നും ഉറവക്കൊണ്ട കരിമണല്‍ ഈഭാഗങ്ങളില്‍ നിക്ഷേപിക്കപ്പെട്ടിരുന്നു. ഇവിടെ മാസങ്ങളോളം നീണ്ടുനിന്ന മണ്ണ് ഘനനമാണ് നടന്നത്.
അതേസമയം സ്വകാര്യ മണ്ണ് ലോബികള്‍ കോടികള്‍ കൊയ്തത് ഒഴിച്ചാല്‍ ഇവിടെ യാതൊരു വികസ പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നു തന്നെ പറയാം. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ തുല്യപങ്കാളിത്തത്തോടെ നടന്നു വരുന്ന മെഗാ ടൂറിസം പദ്ധതി പാതിവഴിയിലായിട്ട് നാളുകള്‍ കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി കനാല്‍ കരയില്‍ ഉല്‍ഘാടനം കാത്തുകഴിയുന്ന പ്രതിമകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ശില്‍പി അജയന്‍ കാട്ടുങ്കലിന്റെ നേതൃത്വത്തില്‍ പണിപൂര്‍ത്തിയാകുന്ന പ്രതിമകളുടെ കരാര്‍ നടത്തിപ്പുക്കാര്‍ കിറ്റ്‌കോ ആണ്.
അതേസമയം കനാല്‍ മാനേജുമെന്റ് സൊസൈറ്റിക്ക് ആവശ്യമായ പണം ഉണ്ടായിട്ടും കനാലിലെ പോള നീക്കം ചെയ്യാന്‍ തയ്യാറാകാത്തത് ദുരൂഹത പടര്‍ത്തുകയാണ്. ഒപ്പം ഭരണപരമായ അന്തരവും കനാലുകളുടെ ശുചീകരണത്തിന് തടസമാകുന്നുണ്ട്. തലസ്ഥാന നഗരിയില്‍നിന്നുളള നിയന്ത്രമാണ് ഇപ്പോള്‍ നടക്കുന്നത്. മറിച്ച് പഞ്ചായത്തുരാജ് സംവിധാനത്തില്‍ കനാലുകള്‍ നഗരസഭയ്ക്ക് വിട്ടുക്കൊടുത്തു സംരക്ഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."