കൊള്ളയ്ക്കും കൊലയ്ക്കുമെതിരേ പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കൊള്ളയ്ക്കും കൊലപാതകത്തിനുമെതിരേ നിയമസഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നതിനുപിന്നില്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
കാസര്‍കോട് ജില്ലയില്‍ തുടര്‍ച്ചയായി മൂന്നു വീട്ടമ്മമാര്‍ കൊല്ലപ്പെട്ട സംഭവത്തെ അധികരിച്ചായിരുന്നു എന്‍.എ നെല്ലിക്കുന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. കേരളീയര്‍ക്ക് സ്വസ്ഥതയില്ലാത്ത അവസ്ഥയായി. മുഖ്യമന്ത്രി ശൈലിയില്‍ മാറ്റംവരുത്തണമെന്നും നെല്ലിക്കുന്ന് പറഞ്ഞു.
ക്രമസമാധാന നില ഭദ്രമാണെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ പൊതുസ്ഥിതിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇതിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെ എതിര്‍ക്കുന്നതിന്റെ ഭാഗമായി വസ്തുതകള്‍ മറച്ചുവച്ചാണ് നെല്ലിക്കുന്ന് സംസാരിക്കുന്നത്. കാസര്‍കോട്ട് ഉണ്ടായ മൂന്നു കേസുകളിലും പൊലിസ് ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അന്വേഷണം നടത്തിവരികയാണ്.
കുറ്റകൃത്യങ്ങള്‍ ഉയര്‍ന്നുവരുന്ന ഘട്ടത്തില്‍ അവ അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ടുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ക്രമസമാധാനരംഗം മെച്ചപ്പെട്ട നിലയിലേക്ക് വരുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തന്റെ ശൈലിയില്‍ യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഈ ശൈലി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി ഈ ശൈലി തുടരുന്നതു തന്നെയാണ് തങ്ങള്‍ക്ക് നല്ലതെന്ന് വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."