കായല്‍ മലിനീകരണം രൂക്ഷമായി; കക്കകള്‍ അപ്രത്യക്ഷമാകുന്നു
അരൂര്‍: കായല്‍ മലിനീകരണം രൂക്ഷമായതോടെ കായലുകളില്‍ കക്കകള്‍ അപ്രത്യക്ഷമായതായി കക്ക വാരല്‍ തൊഴിലാളികള്‍ ആരോപിക്കുന്നു. ഇതൊടെ അരൂര്‍ മണ്ഡലത്തിലെ കക്ക വാരല്‍ തൊഴിലാളികള്‍ ദൂരിതത്തിലായി.
കക്കകളുടെ നിക്ഷേപം കായലുകളില്‍ ഇല്ലാതായതാണ് പ്രതിസന്ധിക്ക് കാരണം. കായലുകളുടെ അടിത്തട്ടില്‍ വന്‍ തോതില്‍ പ്‌ളാസ്റ്റിക് മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും അടിഞ്ഞു കൂടിയതോടെയാണ് കക്കകള്‍ ഇല്ലാതായിരിക്കുന്നത്.
ഇത്തരം സാഹചര്യത്തില്‍ കക്കകളുടെ വംശനാശം തന്നെ സംഭവിക്കുവാന്‍ കാരണമായേക്കുമെന്ന ഭീതിയാണ് തൊഴിലാളികള്‍ക്കുള്ളത്.
മുന്‍കാലങ്ങളില്‍ ഏറെ സുലഭമായി ലഭിച്ചിരുന്നു. കക്കയിറച്ചിയില്‍ വന്‍ തോതില്‍ കാല്‍സ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഏറെ ഡിമാന്റായിരുന്നു മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഇത് ഇല്ലാതാവുകയാണ് ചെയ്തിട്ടുള്ളത്. ഇതോടാപ്പം തന്നെ കക്കയുടെ തോടിനും വന്‍ തോതില്‍ വില്‍പ്പന സാദ്ധ്യതയുണ്ടായിരുന്നു. ഇതോടാപ്പം തന്നെ കക്ക വാരല്‍ തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സാമാന്യം മാന്യമായി തങ്ങളുടെ ജീവിതം തള്ളി നീക്കുവാന്‍ കഴിയുമായിരുന്നു.
ഒരു കാലത്ത് കായലാഴങ്ങളിലെ കറുത്ത മുത്ത് എന്നാണ് കക്കയെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ കായലുകളില്‍ നിന്നും ഇവ അപ്രത്യക്ഷമായി തുടങ്ങിയതോടെ തങ്ങള്‍ പട്ടിണിയിലേക്ക് തള്ളപ്പെട്ടിരിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. മുന്‍ കാലങ്ങളില്‍ കക്കയിറച്ചിയുടെ വില്‍പ്പനയില്‍ നിന്നും ശരാശരി അഞ്ഞൂറ് രൂപയിലധികം പ്രതിദിനം വരുമാനം ലഭിക്കുമായിരുന്നു. ആവശ്യത്തിനനുസരിച്ച് കക്ക ലഭിച്ചിരുന്ന അവസരങ്ങളില്‍ കക്കയുടെ തോടിനുപോലും വന്‍ തോതില്‍ ആവശ്യക്കാരുണ്ടായിരുന്നു. കക്കയുടെ തോട് സംസ്‌ക്കരിച്ച് കുമ്മായം ഉണ്ടാക്കുന്നതിനും ചുണ്ടാമ്പ് ഉല്‍പാദിപ്പിക്കുന്നതിനും ഉപയോഗിച്ചിരുന്നു.
ഇത്തരം തൊഴിലുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങള്‍ വരെ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിയിരുന്നു. പക്ഷേ കക്കയുടെ ലഭ്യത കുറഞ്ഞതോടെ ചുണ്ണാമ്പ് ഉദ്പാദനവും കുമ്മായം ഉണ്ടാക്കുന്നതും ഏകദേശം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്. കക്കയുടെ തോടുകളില്‍ നിന്നും ലഭിക്കുന്ന വരുമാനം തൊഴിലാളികളുടെ അധിക വരുമാനമായിരുന്നു. എന്നാല്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് മൂന്നിലൊന്നുപോലും ഇപ്പോള്‍ ലഭിക്കുന്നില്ല.
അരൂര്‍, അരൂക്കുറ്റി, എഴുപുന്ന, തുറവൂര്‍, തൈക്കാട്ടുശ്ശേരി തുടങ്ങിയ മേഖലകളിലെ ചെറു ജലാശയങ്ങളിലും ഇവിടങ്ങളിലെ കായലുകളിലും വന്‍തോതിലാണ് കക്ക വിളഞ്ഞിരുന്നത്. പക്ഷേ ഇവിടങ്ങളില്‍ കക്കകള്‍ കണികാണുവാന്‍പോലും ലഭ്യമല്ലാത്ത സ്ഥിതി വിശേഷമാണുള്ളത്. കക്കയുടെ ഇറച്ചി വിറ്റും, തോട് വിറ്റും ഉപജീവനം നടത്തിയിരുന്ന തൊഴിലാളികള്‍ ഈ രംഗം ഉപേക്ഷിച്ച് മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കക്ക തൊഴിലാളികള്‍ മറ്റിടങ്ങളിലേക്ക് ചേക്കേറിയതോടെ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ഇവിടത്തെ മറ്റ് തൊഴലാളികള്‍ക്ക് ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്ന അവസ്ഥയിലുമായി.
കക്കയുടെ ലഭ്യത കുറഞ്ഞതോടെ പ്രതിസന്ധിയിലായ തൊഴിലാളികളേയും അനുബന്ധമായി പ്രവര്‍ത്തിച്ചിരുന്ന സഹകരണ സംഘങ്ങളേയും ഇവിടുത്തെ തൊഴിലാളികളേയും സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ത്രിതല പഞ്ചായത്തുകളും സര്‍ക്കാരും പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."