കള്ളന്‍മാര്‍ കുടിയൊഴിഞ്ഞുപോയ മുംബൈ
മുംബൈ നിവാസികള്‍ ഇപ്പോള്‍ വലിയ സന്തോഷത്തിലാണ്. അവിടെയിപ്പോള്‍ കള്ളന്‍മാരില്ല. മോഷണത്തിനും കൊലയ്ക്കുമൊക്കെ കൂടുതല്‍ സൗകര്യമുള്ള സ്ഥലം കേരളമായതിനാല്‍ അവരെല്ലാം ഇവിടേക്കുവന്നു. അടുത്ത കാലത്ത് മുംബൈയില്‍പോയ എന്‍.എ നെല്ലിക്കുന്നിനോട് ആ നാട്ടുകാര്‍ വളരെ സന്തോഷത്തോടെയാണ് ഇക്കാര്യം പറഞ്ഞത്. ഇതു സത്യമാണെന്ന് ഉറപ്പാക്കാന്‍ നെല്ലിക്കുന്ന് അവരുടെ വാക്കുകള്‍ സഭയില്‍പറഞ്ഞത് ഹിന്ദിയില്‍ തന്നെയാണ്.
പെരുകിവരുന്ന മോഷണവും കൊലയുമുള്‍പ്പെടെ കാസര്‍കോട് ജില്ലയിലെ ക്രമസമാധാനത്തകര്‍ച്ചയെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതിതേടി സംസാരിക്കുന്നതിനിടയിലാണ് നെല്ലിക്കുന്ന് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, കാസര്‍കോട്ടെന്നല്ല കേരളത്തില്‍ എവിടെയെങ്കിലും ക്രമസമാധാനം തകര്‍ന്നിട്ടുണ്ടെന്ന് സമ്മതിച്ചുകൊടുക്കാനുള്ള ഭാവത്തിലായിരുന്നില്ല ഭരണപക്ഷം. നെല്ലിക്കുന്ന് സംസാരിക്കുന്നതിനിടയില്‍ അവര്‍ ബഹളംവച്ചു. എന്നാല്‍, ഭരണപക്ഷത്തുള്ളവര്‍ 51 അല്ല 151 വെട്ടു വെട്ടിയാലും താന്‍ പറയാനുള്ളത് പറഞ്ഞിരിക്കുമെന്ന് നെല്ലിക്കുന്ന് തറപ്പിച്ചുപറഞ്ഞു. കൂട്ടത്തില്‍ ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലി മാറ്റണമെന്ന ഉപദേശവും.
നെല്ലിക്കുന്നിന്റെ ആരോപണങ്ങള്‍ ശരിക്കും ഏറ്റ തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തനിക്കു പരിചയമുള്ള നെല്ലിക്കുന്ന് മുന്‍പ് ഇങ്ങനെയായിരുന്നില്ലെന്നും അദ്ദേഹത്തിന് ഇപ്പോള്‍ എന്തുപറ്റിയെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി. നെല്ലിക്കുന്നിന് മാനസികമായിപോലും എന്തോ മാറ്റംവന്നിട്ടുണ്ട്. അതുകൊണ്ടാണ് നിയമസഭയില്‍ വെട്ടിന്റെ കാര്യമൊക്കെ പറയുന്നത്. എന്നാല്‍, അദ്ദേഹം ഉപദേശിച്ചതുകൊണ്ടൊന്നും താന്‍ ശൈലി മാറ്റില്ലെന്നും മുഖ്യമന്ത്രി.
മുഖ്യമന്ത്രി ശൈലി മാറ്റില്ലെന്നു പറഞ്ഞതുകേട്ടപ്പോള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കു ബഹുസന്തോഷം. അങ്ങനെ തന്നെയാണ് വേണ്ടത്. മുഖ്യമന്ത്രി ഇതേ ശൈലി തുടരുന്നതാണ് പ്രതിപക്ഷത്തിനു ഗുണകരമെന്നും ചെന്നിത്തല. ക്രമസമാധാനത്തെക്കുറിച്ചു സംസാരിച്ചു സ്ത്രീസുരക്ഷയിലെത്തിയ ചെന്നിത്തല, എ.കെ ശശീന്ദ്രന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതോടെ സംസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാകുമെന്നു പറഞ്ഞത് ഭരണപക്ഷത്തിന് ഒട്ടും പിടിച്ചില്ല. അവര്‍ ബഹളമുണ്ടാക്കിയെങ്കിലും ചെന്നിത്തല പറയാനുള്ളതു പറഞ്ഞു. കാസര്‍കോട്ടെ ക്രമസമാധാനത്തെക്കുറിച്ചു പറയുന്നതിനിടയില്‍ നെല്ലിക്കുന്ന് ചെമ്പിരിക്ക ഖാസി വധത്തെക്കുറിച്ചു നടത്തിയ പരാമര്‍ശത്തിലുണ്ടായ ആശയക്കുഴപ്പം കുറച്ചുനേരം തര്‍ക്കത്തിനിടയാക്കി. ചെമ്പിരിക്ക ഖാസി വധത്തെക്കുറിച്ചാണോ റിയാസ് മൗലവി വധത്തെക്കുറിച്ചാണോ നെല്ലിക്കുന്ന് പറയുന്നതെന്നായി മുഖ്യമന്ത്രിയുടെ ചോദ്യം. റിയാസ് മൗലവി വധക്കേസിലെ പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും പിന്നെ എന്തിനാണ് അതിനെക്കുറിച്ചു പറയുന്നതെന്നുമൊക്കെ മുഖ്യമന്ത്രി ചോദിച്ചു. തുടര്‍ന്നു സംസാരിച്ചവര്‍ക്കും ഇതില്‍ വ്യക്തതയില്ലാത്ത അവസ്ഥ. പിന്നീട് വി.കെ ഇബ്രാഹിംകുഞ്ഞ് ഇറങ്ങിപ്പോക്ക് പ്രസംഗം നടത്തുന്നതിനിടയില്‍, താന്‍ ഉദ്ദേശിച്ചത് ചെമ്പിരിക്ക ഖാസി വധമാണെന്ന് നെല്ലിക്കുന്ന് വ്യക്തമാക്കി.
ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ച ഗൗരവമേറിയതായി. ബില്ലിന്റെ താല്‍പര്യത്തോട് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ യോജിപ്പ്. പ്രതിപക്ഷത്തുനിന്ന് ഭേദഗതി നിര്‍ദേശിച്ചവരും ഭരണപക്ഷത്തുനിന്ന് സംസാരിച്ചവരുമെല്ലാം ബില്‍ സൂക്ഷ്മമായി പഠിച്ചാണ് സഭയിലെത്തിയത്. സാധാരണക്കാര്‍ക്കു മിതമായ നിരക്കില്‍ മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം സാധ്യമാവണമെന്ന അഭിപ്രായം സംസാരിച്ചവരെല്ലാം പങ്കുവച്ചു.
കൂട്ടത്തില്‍ ബില്‍ പാസായാല്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന ചെറുകിട കണ്‍സള്‍ട്ടേഷന്‍ ക്ലിനിക്കുകള്‍ പൂട്ടിപ്പോകുന്ന അവസ്ഥയുണ്ടാകുമോ എന്ന ഉല്‍ക്കണ്ഠയും ചര്‍ച്ചയിലുയര്‍ന്നു. ചെറുകിട ക്ലിനിക്കുകള്‍ക്ക് പ്രധാന ഭീഷണി ഈ രംഗത്തെ കോര്‍പറേറ്റ്‌വല്‍ക്കരണമാണെന്നും അവയുടെ സംരക്ഷണം ഉറപ്പാക്കാന്‍ ചട്ടങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി കെ.കെ ശൈലജ ഉറപ്പു നല്‍കി. പ്രതിപക്ഷത്തു നിന്നുണ്ടായ പ്രധാനപ്പെട്ട ഭേദഗതി നിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ബില്‍ പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."