കൗമാരക്കാരെ വലയിലാക്കി കഞ്ചാവ് മയക്കുമരുന്ന് മാഫിയ; നടപടികള്‍ കടലാസില്‍
പൂച്ചാക്കല്‍: വിദ്യാര്‍ഥികളെയും കൗമാരക്കാരെയും ലക്ഷ്യം വെച്ച് കഞ്ചാവ് മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ വിലസുന്നു. വിദ്യാര്‍ഥികളിലും കൗമാരക്കാരിലും നടക്കുന്ന കച്ചവടം പട്ടണങ്ങളില്‍ മാത്രമല്ല ഗ്രാമീണ മേഖലകളിലും പൊടിപൊടിക്കുകയാണ്.
മയക്കുമരുന്ന് സംഘങ്ങളുടെ പ്രവര്‍ത്തനം ജില്ലയുടെ വടക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് കൂടുതലും നടക്കുന്നത്.
എറണാകുളം കൊച്ചി മേഖലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മയക്കുമരുന്ന് വസ്തുക്കള്‍ വില്‍പന നടത്തുന്നവര്‍ക്ക് അനായാസം എത്താന്‍ കഴിയുന്നതും ഏറെ വിപണന സാധ്യതയുള്ളതുമായ സ്ഥലങ്ങളാണ് ജില്ലയുടെ വടക്കുഭാഗത്തുള്ള അരൂര്‍ ,അരൂക്കുറ്റി, പാണാവള്ളി, പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി, തുറവൂര്‍, കുത്തിയതോട്, ചന്തിരൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍. അരുര്‍ അരൂക്കുറ്റി പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തതോടെയാണ് അരൂക്കുറ്റി, പാണാവള്ളി, പൂച്ചാക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലഹരി വസ്തുക്കള്‍ കൂടുതലായി എത്തിത്തുടങ്ങിയത്.
തുറവൂര്‍ തൈക്കാട്ടുശ്ശേരി പാലം കൂടി യാഥാര്‍ത്യമായതോടെ ഇക്കൂട്ടര്‍ക്ക് കൂടുതല്‍ എളുപ്പമായി. പോലീസ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തി ലഹരി വസ്തുക്കളുടെ കടത്ത് പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ ജലമാര്‍ഗ്ഗം ലഹരി വസ്തുക്കള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ മാഫിയകള്‍ക്ക് പ്രത്യേക സംഘങ്ങളുണ്ട്. എഞ്ചിന്‍ ഘടിപ്പിച്ച വള്ളത്തില്‍ പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമാണ് പാണാവള്ളി, പൂച്ചാക്കല്‍ മേഖലകളില്‍ കഞ്ചാവും മയക്കുമരുന്നും എത്തിക്കുന്നത്. ഇത് എത്തുന്നതും കാത്ത് യുവാക്കളുടെ സംഘങ്ങള്‍ കായല്‍ തീരങ്ങളില്‍ നിലയുറപ്പുക്കുന്നതും പതിവാണ്.
കഞ്ചാവ് മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട് ആരെയെങ്കിലും പോലീസോ എക്‌സൈസോ പിടികൂടിയാല്‍ അവര്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരും ജനപ്രതിനിധികളും അതിവേഗം ഇടപെടും. ഇത് പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ മനോവീര്യം ഇല്ലാതാക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.സമൂഹത്തെ കാര്‍ന്നുതിന്നുന്ന കഞ്ചാവ് മയക്ക് മരുന്ന് മാഫിയക്ക് വേണ്ടി ശുപാര്‍ശയുമായി പൊലീസ് സ്റ്റേഷനിലും എക്‌സൈസ് ഓഫീസിലും രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഇടപെടുന്നത് അവസാനിപ്പിക്കാതെ ഇക്കൂട്ടരെ ഒതുക്കാന്‍ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കുറച്ച് ദിവസം മുമ്പ് പാണാവള്ളി സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് എക്‌സൈസ് സംഘം പിടികൂടിയിരുന്നു. എക്‌സൈസൈസ് സംഘം പിന്തുടരുന്നത് മനസ്സിലാക്കി പെരുമ്പളം കവലക്ക് സമീപം വെച്ച് പൂച്ചാക്കല്‍ സ്വദേശി ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ബൈക്ക് പരിശോധിക്കുന്നതിനിടയില്‍ എക്‌സൈസ് സംഘത്തിന് ബൈക്കില്‍ നിന്നും കഞ്ചാവ് പൊതികള്‍ ലഭിച്ചു. ഇതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ എക്‌സൈസ് സംഘം പാണാവള്ളിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
പാണാവള്ളി പഞ്ചായത്തിന്റെ കാരാളപ്പതി, നാല്‍പ്പത്തെണ്ണീശ്വരം, മുട്ടത്തുകടവ്, ആഞ്ഞിലിത്തോട്, തൃച്ചാറ്റുകുളം, പെരുമ്പളം കവല മേഖലകളും അരൂക്കുറ്റി പഞ്ചായത്തിന്റെ കുടപുറം, വടുതല, കൊമ്പനാമുറി, പുതിയപാലം, മാത്താനം, അരുക്കൂറ്റി, തൈക്കാട്ടുശ്ശേരിയിലെ പി.എസ്.കവല, ചീരാത്തു കാട്, മാക്കേകടവ്, തേവര്‍വട്ടം, പള്ളിപ്പുറത്തെ കോളേജ് കവല, ഒറ്റപ്പുന്ന, തവണക്കടവ്, ഗ്രോത്ത് സെന്റര്‍ തുടങ്ങിയ പ്രദേശങ്ങളിലുമാണ് കഞ്ചാവ് മയക്കുമരുന്ന് മാഫിയ സംഘം കേന്ദ്രീകരിക്കുന്നത്.
കഴിഞ്ഞ ദിവസവും കഞ്ചാവ് വില്‍പ്പന സംഘത്തിലെ രണ്ടുപേരെ വടുതലയില്‍ നിന്നും തൈക്കാട്ടുശ്ശേരി സ്വദേശികളായ രണ്ട് പേരെ അരൂക്കുറ്റിയില്‍ നിന്നും പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതിന് മുമ്പ് തൃച്ചാറ്റുകുളത്ത് നിന്നും നാല് പേരെ കഞ്ചാവുമായി പിടികൂടി. ഇവര്‍ പൊലീസിനെയും നാട്ടുകാരെയും അക്രമിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. കഞ്ചാവ് ഉപയോഗിച്ച ശേഷം ക്ലാസിലെത്തിയ വിദ്യാര്‍ഥികളെ ദിവസങ്ങള്‍ക്ക് മുമ്പ് അരൂക്കുറ്റിയിലെ ഒരു സ്‌കൂളില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ താക്കീത് നല്‍കി വിട്ടയച്ചിരുന്നു. പാണാവള്ളിയുടെ വടക്കുഭാഗത്തുള്ള ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും വിനോദയാത്ര പോകാനെത്തിയവരില്‍ നിന്നും കഞ്ചാവ് കണ്ടെടുക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇവരെയും താക്കീത് നല്‍കി വിട്ടയച്ചു.
ഒരുമാസം മുന്‍പ് പാണാവള്ളി മുട്ടത്തുകടവില്‍ കഞ്ചാവുമായി എത്തിയ നാല്‍പ്പത്തെണ്ണീശ്വരം സ്വദേശികളായ രണ്ടു വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."