സമസ്ത 90-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി 'സ്മൃതി സദസ് '
ആലപ്പുഴ: 90ാം വാര്‍ഷിക മഹാസമ്മേളനത്തില്‍ സമസ്ത ആലപ്പുഴ കടപ്പുറത്ത് തീര്‍ത്ത മഹാ വിസ്മയത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കാന്‍ സായാഹ്നത്തിന്റെ സുവര്‍ണ മുഹൂര്‍ത്തത്തില്‍ വീണ്ടും അവര്‍ ഒത്തു ചേര്‍ന്നു.
അറബിക്കടലിന്റെ അലമാലയ്ക്ക് മുന്നില്‍ അച്ചടക്കത്തിന്റെയും സംഘശക്തിയുടെയും മനോഹരമായ മുഹൂര്‍ത്തങ്ങള്‍ കിഴക്കിന്റെ വെനീസിന് സമ്മാനിച്ച സമസ്തയുടെ സംഘടനാ പാടവത്തെ പുകഴ്ത്തിയാണ് മതസാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ ഇന്നലെ ആലപ്പുഴ ബീച്ചില്‍ ഒത്തു ചേര്‍ന്നത്.
ജനലക്ഷങ്ങള്‍ ഒരു കടലായി ഒഴുകിയെത്തിയതിന്റെ ഉജ്ജ്വല സ്മരണകള്‍ പങ്ക് വെച്ചപ്പോള്‍ ഏവര്‍ക്കും പറയാനുള്ളത് സമസ്തയുടെ പ്രവര്‍ത്തകരുടെ വിനീതമായ ഒരുമയും വിനയവും അനുസരണയും സാഹോദരവുമായിരുന്നു. ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ പോലും നിസ്‌ക്കരിക്കുവാനായി തുറന്നിട്ട് നല്‍കി സമസ്തയുടെ മതസൗഹാര്‍ദത്തെ നെഞ്ചോട് ചേര്‍ത്ത ആലപ്പുഴയുടെ വിശാലമായ മതമൈത്രിയും ഏവരുടെയും ഓര്‍മ്മയിലെത്തി.
സമസ്ത സമ്മേളനത്തിന്റെ വിജയത്തിനായി നിറഞ്ഞ് നിന്ന് , ചരിത്രത്തിലേക്ക് മറഞ്ഞ് പോയ ബാപ്പു മുസ്്‌ലിയാരുടെ നേതൃപാടവും കര്‍മ്മ കുശലതയും നിഷ്‌കളങ്കതയും പങ്ക് വെച്ചപ്പോള്‍ സദസ് വികാരീധനമായി. ബാപ്പു മുസ്്‌ലിയാരുടെ സേവനങ്ങളെ അനുസ്മരിച്ചാണ് സദസ് പിരിഞ്ഞത്.സമസ്തയുടെ 90ാം വാര്‍ഷിക മഹാസമ്മേളനം ആലപ്പുഴയില്‍വച്ച് നടന്നതിന്റെ വാര്‍ഷികാനുസ്മരണം 'സ്മൃതി സദസ '്എസ്.കെ.എസ്.ബി.വി. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബീച്ചില്‍ ഇന്നലെ വൈകിട്ട് നടന്നത്.
മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. സമസ്തയുടെ അച്ചടക്കവും സംഘശക്തിയും വിളിച്ചറിയിച്ചതായിരുന്നു വാര്‍ഷിക സമ്മേളനമെന്നും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ബാപ്പു മുസ്്‌ലിയാരുടെ സേവനങ്ങള്‍ അനുസ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് ശേഷം നഗരസഭയ്ക്ക് ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് നല്‍കി ഇഷ്ടമുള്ള തുക എഴുതിയെടുക്കൂവെന്ന് പറഞ്ഞ ബാപ്പു മുസ്്‌ലിയാരുടെ നിഷ്‌കളങ്കത മറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.എ. ശിഹാബുദ്ദീന്‍ മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.ഡിവൈ.എസ്.പി. എം.ഇ ഷാജഹാന്‍ മുഖ്യതിഥിയായി. എ.എ റസാഖ്, ഉസ്മാന്‍ സഖാഫി, മുഹമ്മദ് ഹനീഫ ബാഖവി, റ്റി.എച്ച് ജഅ്ഫര്‍ മൗലവി, നിസാര്‍ പറമ്പന്‍, കുന്നപ്പള്ളി മജീദ്, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, അബ്ദുനാസ്വിര്‍ മുസ്്‌ലിയാര്‍ ,പി.എ അബൂബക്കര്‍ എസ്.എം. ജെ , എം. മുജീബ് റഹ്മാന്‍, മവാഹിബ് അരീപ്പുറം, എ.എം. ശാഫി റഹ്മത്തുല്ലാഹ് , ഷെഫീഖ് മണ്ണഞ്ചേരി, ഐ. മുഹമ്മദ് മുബാഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."