സാമ്പത്തിക പ്രതിസന്ധി രൂക്ഷം: സംസ്ഥാന വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ താഴെ
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് വ്യക്തമാക്കി ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍. വളര്‍ച്ചാ നിരക്ക് ആദ്യമായി ദേശീയ ശരാശരിയെക്കാള്‍ താഴെയെത്തി. നികുതി വരുമാനം ഉയര്‍ത്താനുള്ള ശ്രമം നോട്ട് നിരോധനം ഇല്ലാതാക്കി. കൂടാതെ സമ്പദ്‌വ്യവസ്ഥ തകിടംമറിയുകയും സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇടിയുകയും നിക്ഷേപത്തെ ബാധിക്കുകയും ചെയ്തു. നോട്ട് നിരോധനവും ജി.എസ്.ടിയുമാണ് സംസ്ഥാനത്തിന്റെ ആഭ്യന്തരോല്‍പാദനത്തിന്റെയും വരുമാനത്തിന്റെയും ഇടിവിന് കാരണമായത്. ആഭ്യന്തരോല്‍പാദനവും ആദ്യമായി ദേശീയ ശരാശരിക്ക് താഴെയെത്തി.
2015-16ല്‍ ദേശീയ വരുമാനത്തിന്റെ വളര്‍ച്ചാനിരക്ക് 8 ശതമാനമായിരുന്നു. 2016-17ല്‍ ഇത് 7 ശതമാനമായി കുറഞ്ഞു. 2015-16ല്‍ ആഭ്യന്തര ഉല്‍പാദനത്തിന്റെ ദേശീയ ശരാശരി 9.94 ശതമാനമായിരുന്നപ്പോള്‍ സംസ്ഥാന ശരാശരി 8.59 ശതമാനം മാത്രമാണ്. അതേസമയം, ജി.എസ്.ടിയെ തുടര്‍ന്ന് വരുംവര്‍ഷം വരുമാനം ഉയരുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബജറ്റ് അവതരണത്തിന് മുന്നോടിയായാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചത്. നടപ്പാക്കിയതില്‍ പാളിച്ചയുണ്ടെങ്കിലും അടുത്തവര്‍ഷം ജി.എസ്.ടി വഴി 20 ശതമാനം നികുതി വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കടം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18.48 ശതമാനം കൂടി. 1,86,453 കോടിയാണ് സംസ്ഥാനത്തിന്റെ മൊത്തം കടം. ഇതില്‍ പലിശയുംചേര്‍ത്ത് തിരിച്ചടക്കേണ്ട ആഭ്യന്തര കടം 1,18,2,68.72 ആണ്. വാര്‍ഷിക വളര്‍ച്ചാ നിരക്ക് 2015- 16ല്‍ 16.91 ശതമാനമായിരുന്നത് 2016-17ല്‍ 18.48 ആയി വര്‍ധിച്ചു. കടവും റവന്യൂ വരുമാനവുമായുള്ള അനുപാതത്തില്‍ നേരിയ വര്‍ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. 2015-16ല്‍ ആഭ്യന്തര കടം 1,02,496.26 കോടിയായിരുന്നു. ആഭ്യന്തര കടത്തിന്റെ വളര്‍ച്ചാ നിരക്ക് 15.39 ശതമാനമാണ്. ചെറുസമ്പാദ്യങ്ങള്‍, പ്രൊവിഡന്റ് ഫണ്ട് എന്നിവയുടെ ബാധ്യത 60,571.01 കോടി രൂപയായിരുന്നു.
കേന്ദ്രത്തില്‍ നിന്നുള്ള അഡ്വാന്‍സുകളുടെയും വായ്പകളുടെയും ബാധ്യത 7,614.13 കോടി രൂപയാണ്. കടബാധ്യകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കാനുള്ള വിഹിതം എന്നിവ വഴിയാണ് കടം കൂടിയത്. 2010-11 മുതല്‍ 2016-17 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തിന്റെ ചെലവ് മൂന്നിരട്ടിയായി വര്‍ധിച്ചു. ഇതിനാല്‍ ആഭ്യന്തര ഉല്‍പാദനത്തിന്റെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശമ്പളം, പെന്‍ഷന്‍, പലിശ ഇനങ്ങളില്‍ വന്‍ വര്‍ധനവുണ്ടായി. പത്താം ശമ്പള കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കിയതും ക്ഷേമപെന്‍ഷന്‍ കുടിശ്ശിക കൊടുത്തതും റവന്യൂ ചെലവ് കൂട്ടി. ഗള്‍ഫ് വരുമാനം കുറഞ്ഞതും പ്രതിസന്ധിയുണ്ടാക്കി. മൂല്യവര്‍ധിത നികുതി (വാറ്റ്) ഉള്‍പ്പെടെയുള്ള വില്‍പന നികുതി, സ്റ്റാമ്പ് രജിസ്‌ട്രേഷന്‍ ഫീസ്, എക്‌സൈസ് തീരുവ, വാഹന നികുതി, ഭൂനികുതി എന്നിവയാണ് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ പ്രധാന സ്രോതസുകള്‍. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ മേഖലയില്‍ നിന്നുള്ള നികുതി വരുമാനത്തിന്റെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞതായും അവലോകന റിപ്പോര്‍ട്ടിലുണ്ട്.
ലോട്ടറിയില്‍ നിന്നുള്ളതാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സംസ്ഥാനത്തിന്റെ പ്രധാന നികുതിയേതര വരുമാനം. കൃഷിയും അനുബന്ധ മേഖലകളും 2.5 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ചുവെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."