ദേശീയ ആരോഗ്യ പദ്ധതി സര്‍ക്കാരിന് വെല്ലുവിളിയാകും
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനമാണ് ദേശീയ ആരോഗ്യ പദ്ധതി. ബജറ്റില്‍ പ്രഖ്യാപനം വന്ന ഉടന്‍തന്നെ അമേരിക്കയിലെ ഒബാമ കെയറിന് തുല്യമായി മോദി കെയര്‍ എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പദ്ധതിയെ വിശേഷിപ്പിച്ചത്. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് പ്രഖ്യാപനത്തിലെ ആയുഷ്മാന്‍ ഭാരത് പ്രോഗ്രാമിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നാണ് ദേശീയ ആരോഗ്യ പദ്ധതി പ്രഖ്യാപനം.
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ആരോഗ്യ പദ്ധതി യാഥാര്‍ഥ്യ ബോധത്തോടെയുള്ളതാണോയെന്ന ആശങ്ക ഇതിനകം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ 10 കോടി കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ബജറ്റില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്.
പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ 50 കോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അതേസമയം ജനസംഖ്യാനുപാതികമായി കണക്കാക്കുമ്പോള്‍ 38 ശതമാനം പേര്‍ക്ക് മാത്രമായി പദ്ധതി ഒതുങ്ങും. അതോടൊപ്പംതന്നെ ഇതിനുള്ള ഫണ്ട് കണ്ടെത്തുകയെന്നത് സര്‍ക്കാരിന് കടുത്ത വെല്ലുവിളിയുമാകും.
ആഭ്യന്തര ഉല്‍പാദനത്തിന്റെ 8.70 ശതമാനമാണ് ആരോഗ്യമേഖലയ്ക്കായി ജര്‍മനി മാറ്റിവയ്ക്കാറുള്ളത്. ജപ്പാന്‍ 8.6 ശതമാനവും വിനിയോഗിക്കുമ്പോള്‍ ഇന്ത്യ നീക്കിവയ്ക്കുന്നത് 1.5 ശതമാനം മാത്രം തുകയാണ്. 2025ല്‍ ആഭ്യന്തര ഉല്‍പാദനത്തിന്റെ 2.5 ശതമാനമാണ് ആരോഗ്യ മേഖലക്കായി ലക്ഷ്യമിടുന്നതെങ്കിലും സൗജന്യ വാക്‌സിനേഷന്‍, മരുന്നുവിതരണം എന്നിവയ്ക്ക് കൂടുതല്‍ തുക അനുവദിക്കുന്നതടക്കമുള്ള ആരോഗ്യമന്ത്രാലയത്തിന്റെ പല ആവശ്യങ്ങളും ധനവകുപ്പ് അംഗീകരിച്ചിട്ടില്ല.
ആരോഗ്യമേഖലയുടെ കാര്യത്തില്‍ വലിയ ലക്ഷ്യമാണ് മുന്നോട്ടുവയ്ക്കുന്നതെങ്കിലും ഇതില്‍ വ്യക്തതയില്ല. കഴിഞ്ഞ ബജറ്റില്‍ കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇവയുടെ നിര്‍മാണം എവിടെയുമെത്തിയിട്ടില്ല. 2008ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഒബാമ കെയര്‍. സമ്പന്ന രാഷ്ട്രമായിട്ടും അമേരിക്കന്‍ ജനതയ്ക്ക് ആരോഗ്യ പരിരക്ഷ ഉണ്ടായിരുന്നില്ല. വലിയ തുകമുടക്കി ഇന്‍ഷുറന്‍സ് പരിരക്ഷ നേടാനാകാത്ത കോടിക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ലക്ഷ്യം വച്ചാണ് പദ്ധതി തുടങ്ങിയിരുന്നത്. രോഗികളെ സംരക്ഷിക്കുകയെന്നതായിരുന്നു ഒബാമ കെയര്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. 2.5 കോടി ജനങ്ങള്‍ പദ്ധതിക്കു കീഴില്‍ വരികയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഇതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് പദ്ധതി പ്രഖ്യാപിച്ചതെങ്കിലും ഇത് ഏത് രീതിയില്‍ നടപ്പാക്കുമെന്ന കാര്യത്തില്‍ സംശയങ്ങളാണ് ഉയരുന്നത്.
വിദ്യാഭ്യാസ മേഖലക്ക് ഉയര്‍ന്ന പരിഗണന
ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയിലൂടെ ശാസ്ത്ര-സാങ്കേതിക രംഗത്ത് കൂടുതല്‍ പുരോഗതിയുണ്ടാക്കുന്നതിനായി കേന്ദ്ര ബജറ്റ് ലക്ഷ്യം വയ്ക്കുന്നു. കാര്‍ഷിക-ഗ്രാമീണ സാമ്പത്തിക ഉന്നമനത്തിനും ആരോഗ്യ, പശ്ചാത്തല സൗകര്യങ്ങള്‍ക്കുമൊപ്പം വിദ്യാഭ്യാസ രംഗത്തിന്റെ പുരോഗതിയും ബജറ്റ് ലക്ഷ്യം വയ്ക്കുന്നു.
വിദ്യാഭ്യാസ രംഗത്തെ നവീകരിക്കുന്നതിനായി നാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു കോടി രൂപ ചെലവിടും. വിദ്യാഭ്യാസ സെസ്സ് മൂന്നു ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി 11,000 കോടി രൂപയാണ് അധികമായി പ്രതീക്ഷിക്കുന്നത്. ഈ തുക വിദ്യാഭ്യാസ പുരോഗതിക്കായി വിനിയോഗിക്കും. 50 ശതമാനത്തിലധികം എസ്.ടി വിദ്യാര്‍ഥികളുള്ള കോളനികളില്‍ ഏകലവ്യ സ്‌കൂളുകള്‍ തുടങ്ങും. നവേദയ വിദ്യാലയങ്ങളെപ്പോലെയായിരിക്കും ഇവയുടെ പ്രവര്‍ത്തനം.
വഡോദരയില്‍ റെയില്‍വേ സര്‍വകലാശാല, പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചറല്‍ സ്‌കൂളുകള്‍ എന്നിവ തുടങ്ങും. അധ്യാപകരുടെ നിലവാരം ഉയര്‍ത്തുന്നതിനായി പ്രത്യേക ബി.എഡ് കോളജുകള്‍ തുടങ്ങും. അധ്യാപകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതിനു വേണ്ടിയാണ് ഇത്. സ്‌കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡിന് പകരം ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും.
പ്രൈം മിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെല്ലോസ് എന്ന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഐ.ഐ.ടികളും ഐ.ഐ.എസ്.സികളിലും പി.എച്ച്.ഡി ചെയ്യാന്‍ അവസരം നല്‍കും.
പെട്രോള്‍, ഡീസല്‍ എക്‌സൈസ്
ഡ്യൂട്ടി കുറച്ചു; റോഡ് സെസ് കൂട്ടി
പെട്രോളിനും ഡീസലിനും എക്‌സൈസ് ഡ്യൂട്ടി കുറച്ചതുവഴി ജനങ്ങള്‍ക്ക് ആശ്വാസമുണ്ടാക്കിയെന്നു പറയുമ്പോള്‍ തന്നെ റോഡ് സെസ് അവതരിപ്പിച്ച് മോദി സര്‍ക്കാരിന്റെ തിരിച്ചടി.
പെട്രോളിനും ഡീസലിനും രണ്ടു രൂപയാണ് എക്‌സൈസ് ഡ്യൂട്ടി കുറച്ചത്. ഇന്ധനത്തിനുള്ള അഡീഷണല്‍ ഡ്യൂട്ടി ആറുരൂപയും കുറച്ചിട്ടുണ്ട്. എന്നാല്‍ ഒരു ലിറ്റര്‍ ഇന്ധനത്തിന്റെ റോഡ് സെസ് 8 രൂപയായി അവതരിപ്പിച്ചതോടെ തത്വത്തില്‍ വിലക്കുറവ് അനുഭവമാകില്ലെന്ന് സാരം. മുംബൈയില്‍ പെട്രോളിന് 80 രൂപയാണ്. രാജ്യത്തെ മറ്റിടങ്ങളില്‍ 75 രൂപക്കും 80 രൂപക്കും ഇടയിലുമാണ് വില. ബജറ്റിന് മുന്‍പായി പെട്രോളിയം മന്ത്രാലയം സമര്‍പ്പിച്ച നിവേദനത്തില്‍ ഇന്ധനങ്ങള്‍ക്കുള്ള എക്‌സൈസ് ഡ്യൂട്ടി കുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഡ്യൂട്ടി കുറക്കുകയും റോഡ് സെസ് ചുമത്തുകയും ചെയ്തത്.
ഇറക്കുമതി വാഹനങ്ങള്‍ക്ക് വില കൂടും
ആഡംബര കാറുകള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ തീരുമാനം. പൂര്‍ണമായും വിദേശ നിര്‍മിത വാഹനങ്ങള്‍ക്കാണ് ഇറക്കുമതി തീരുവ കൂട്ടുക. കാറിന് പുറമെ ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍ ബൈക്കുകള്‍ക്കും നികുതി കൂടും.
നിലവില്‍ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 10 ശതമാനമാണ് നികുതിയെങ്കില്‍ ഇത് 15 ശതമാനമായി വര്‍ധിപ്പിക്കാനാണ് തീരുമാനം. ആഡംബര വാഹനങ്ങളുടെ നിര്‍മാണ കേന്ദ്രം ഇന്ത്യക്ക് പുറത്താണെങ്കില്‍ അവിടെ നിന്ന് സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് കാര്‍, ബൈക്ക് എന്നിവ ഇവിടെനിര്‍മിച്ചാലും 15 ശതമാനം നികുതി നല്‍കേണ്ടിവരുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ പറയുന്നു.
ഇതേ തുടര്‍ന്ന് ബെന്‍സ്, ബി.എം.ഡബ്ല്യു, ഓഡി, വോള്‍വോ, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ഹാര്‍ലി-ഡേവിഡ്‌സണ്‍, ട്രയംഫ് തുടങ്ങിയ വാഹനങ്ങള്‍ക്ക് രാജ്യത്ത് യന്ത്രഭാഗങ്ങള്‍ ഘടിപ്പിക്കുന്ന യൂനിറ്റുകള്‍ മാത്രമേയുള്ളൂ. ട്രക്കുകള്‍, ബസുകള്‍ എന്നിവയുടെ ഇറക്കുമതി തീരുവ നിലവിലെ 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വര്‍ധിപ്പിക്കും. ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ആഡംബര വാഹനങ്ങളുടെ വില ഗണ്യമായി വര്‍ധിക്കും.
ടെലികോം മേഖലക്ക് 10,000 കോടി
ടെലികോം രംഗത്ത് ഭൗതിക സാഹചര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 10,000 കോടിയുടെ പദ്ധതി. പശ്ചാത്തല സൗകര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
ഭാരത് നെറ്റ് പ്രോജക്ട് വഴി 2.5 ലക്ഷം ഗ്രാമ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുകയെന്നതാണ് ലക്ഷ്യം. 2019 മാര്‍ച്ച് മാസത്തോടെ ഇത് സാധ്യമാക്കും.
ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഹൈ സ്പീഡ് ഓപ്റ്റിക് നെറ്റ് വര്‍ക്ക് കൊണ്ടുവരും. ഭാരത് നെറ്റ് പദ്ധതിയുടെ ഒന്നാം ഘട്ടമായിട്ടാണ് ഇത് നടപ്പാക്കുക. ബ്രോഡ്ബാന്റ് സാധ്യമാക്കുമ്പോള്‍ അതിന്റെ ഗുണഫലം 2.5 ലക്ഷം ഗ്രാമങ്ങള്‍ക്കുണ്ടാകും. ഗ്രാമീണ മേഖലയിലെ അഞ്ചു കോടി ജനങ്ങള്‍ക്ക് സാധ്യമാകുന്ന രീതിയില്‍ അഞ്ചു ലക്ഷം വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ തുടങ്ങുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
മൂന്ന് ഇന്‍ഷുറന്‍സ്
കമ്പനികള്‍ ഒരു കുടക്കീഴില്‍
രാജ്യത്തെ മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളായ ദി ഓറിയന്റല്‍, നാഷനല്‍ ഇന്‍ഷൂറന്‍സ്, യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് എന്നീ കമ്പനികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ തീരുമാനം.
ബാങ്കിങ് മേഖലയില്‍ വരുത്തുന്നതുപോലെ ഇന്‍ഷുറന്‍സ് മേഖലയിലും ഇത്തരമൊരു തീരുമാനം വരുന്നത് ഗുണകരമാകുമെന്നാണ് ബജറ്റിലൂടെ ജെയ്റ്റ്‌ലി വ്യക്തമാക്കിയത്. സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവ യോജിപ്പിക്കുന്നതോടെ ഇന്‍ഷുറന്‍സ് രംഗത്ത് വലിയ കുതിച്ചുചാട്ടമായിരിക്കും ഉണ്ടാകുക.
രാഷ്ട്രപതിയുടെ ശമ്പളം 5
ലക്ഷമാക്കി ഉയര്‍ത്തി
രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ ശമ്പളത്തില്‍ വന്‍വര്‍ധനവുമായി കേന്ദ്ര ബജറ്റ്. രാഷ്ട്രപതിയുടെ ശമ്പളം അഞ്ചു ലക്ഷമാക്കി ഉയര്‍ത്തിയപ്പോള്‍ ഉപരാഷ്ട്രപതിയുടേത് നാല് ലക്ഷമാകും.
സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് 3.5 ലക്ഷം രൂപയായിരിക്കും. രാജ്യത്തിന്റെ ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുന്ന രാഷ്ട്രപതി, പ്രതിരോധ വിഭാഗത്തിന്റെ തലവന്‍കൂടിയാണ്. നിലവില്‍ 1.5 ലക്ഷം രൂപയായിരുന്നു ശമ്പളം. 200 ശതമാനം വര്‍ധനവാണ് രാഷ്ട്രപതിയുടെ ശമ്പളത്തില്‍ ഉണ്ടായിരിക്കുന്നത്. ഉപരാഷ്ട്രപതിയുടേത് നിലവില്‍ 1.25 ലക്ഷം രൂപയും ഗവര്‍ണര്‍മാരുടേത് 1.10 ലക്ഷം രൂപയുമാണ്.
അതേസമയം പാര്‍ലമന്റ് അംഗങ്ങളുടെ ശമ്പളം ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും യാന്ത്രികമായി വര്‍ധിക്കുന്ന രീതിയിലാക്കി. ശമ്പള വര്‍ധനവിനെ എം.പിമാര്‍ സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."